മുംബൈ: വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജിവിച്ച ശേഷം വിവാഹിതരായ സിനിമാതാരങ്ങള്‍ നേരിടാറുള്ള പതിവ് ചോദ്യമാണ് വിവാഹശേഷമുള്ള മാറ്റമെന്താണെന്നത്. പലപ്പോഴും വിവാഹ വാര്‍ത്ത പുറത്ത് വരുമ്പോഴാണ് ഈ ചോദ്യം ഉയരാറുള്ളത്. എന്നാല്‍ താരങ്ങള്‍ ഈ ചോദ്യം കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ ഈ പതിവ് തെറ്റിച്ച് വീണ്ടും ശ്രദ്ധേയയാവുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. 

ലിവിങ് റിലേഷന്‍ഷിപ്പിന് ശേഷം വിവാഹം ചെയ്തപ്പോഴുള്ള മാറ്റമെന്താണെന്ന ചോദ്യത്തിന് ബോള്‍ഡായി തന്നെയാണ് ദീപികയുടെ മറുപടി. വിവാഹശേഷം ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. പക്ഷേ മാറ്റങ്ങളുണ്ടായിട്ടുണ്ട്.  കൂടുതൽ ഉറപ്പും സന്തോഷവും എനിക്കിപ്പോൾ തോന്നുന്നുണ്ട്. നല്ലൊരു അനുഭവമാണിതെന്നും ദീപിക ഒരു അഭിമുഖത്തില്‍ വിശദമാക്കി. 

ഏറെ നാളത്തെ പ്രണയത്തിനശേഷമാണു രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇതിനുശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. ദീപിക– രൺവീര്‍ വിവാഹ വാർത്ത പുറത്തു വന്ന അവസരത്തിൽ ഇനി വിവാഹത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ പരിഹസിച്ചിരുന്നു. അന്ന് ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇതെന്നാണ് ആരാധകര്‍ വിശദമാക്കുന്നത്.

2018 നവംബർ 14ന് ഇറ്റലിയിലെ ആഢംബര വിവാഹവേദിയായ ലേക് കോമോയിലെ ചടങ്ങിൽ ഇവർ വിവാഹിതരായത്.