"ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയില്‍ നിന്ന് സിനിമക്കാര്‍ വരുന്നതായുള്ള വാര്‍ത്തകള്‍ ശരിയാണ്"
മലയാള സിനിമയില്‍ നിന്ന് മറുഭാഷാ പ്രേക്ഷകരും ഏറ്റവും കാത്തിരിക്കുന്ന ഒരു ചിത്രമുണ്ടെങ്കില്‍ അത് ദൃശ്യം 3 ആണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസികളില്‍ ഒന്നിന്‍റെ മൂന്നാം ഭാഗം എന്നതുതന്നെ അതിന് കാരണം. ചിത്രത്തിന്‍റെ രചനയുടെ ഘട്ടത്തിലാണെന്ന് ജീത്തു ജോസഫ് ഏറെ മുന്‍പേ പറഞ്ഞിരുന്നെങ്കിലും ഈ വര്‍ഷം ഫെബ്രുവരി 20 നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് എഴുതി പൂര്‍ത്തിയാക്കിയതായി രണ്ട് ദിവസം മുന്‍പ് ജീത്തു അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച് കൗതുകകരമായ മറ്റ് ചില വിവരങ്ങള്‍ കൂടി പങ്കുവെക്കുകയാണ് ജീത്തു. മലയാളം ഒറിജിനലിന് മുന്‍പ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആരംഭിക്കാന്‍ ശ്രമങ്ങളുണ്ടായെന്ന് പറയുന്നു അദ്ദേഹം. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറയുന്നത്.
ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയില്‍ നിന്ന് സിനിമക്കാര്‍ വരുന്നതായുള്ള വാര്‍ത്തകള്‍ ശരിയാണ്. അവരെല്ലാം തിരക്കഥ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്. മലയാളത്തിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരണം തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ അക്കാര്യങ്ങളിലൊന്നും തീരുമാനം ആയിട്ടില്ല. ആദ്യം ഹിന്ദിയില്‍ തുടങ്ങാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്ന ഒരു സൂചന നല്‍കിയതോടെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നു, ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിന്‍റെ എഴുത്ത് ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും സെപ്റ്റംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കണമെന്നാണ് കരുതുന്നതെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്.
അതേസമയം പനോരമ സ്റ്റുഡിയോസ് ആണ് ഹിന്ദി ദൃശ്യം 3 ന്‍റെ നിര്‍മ്മാണം. ഇവര്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്‍റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നു. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ടായിരുന്നു. 2022 ല്‍ പുറത്തെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്കിന്‍റെയും സംവിധാനം അഭിഷേക് പതക് ആയിരുന്നു. അഭിഷേക് പതക്കും സഹ രചയിതാക്കളും ചേര്‍ന്ന് ദൃശ്യം മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചെന്ന് 2023 ജൂണില്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി ജീത്തു പ്രതികരിച്ചിരുന്നു. ദൃശ്യം 3 നായി പുറത്തുനിന്ന് കഥ എടുക്കില്ലെന്നും കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ലെന്നുമായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രതികരണം.

