Asianet News MalayalamAsianet News Malayalam

പകര്‍ന്നാട്ടങ്ങളുടെ പെരുന്തച്ചന്‍, ഓര്‍മ്മകള്‍ക്ക് ആറ് ആണ്ട്

അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ആറ് ആണ്ട്. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമൊക്കെ എങ്ങനെ മറക്കും നമ്മള്‍ മലയാളികള്‍.

Thilakan
Author
Thiruvananthapuram, First Published Sep 24, 2018, 9:58 AM IST

അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ആറ് ആണ്ട്. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമൊക്കെ എങ്ങനെ മറക്കും നമ്മള്‍ മലയാളികള്‍.

1935 ജൂലായ് 15ന് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. സ്കൂള്‍ കാലയളവില്‍ അരങ്ങിലൂടെയായിരുന്നു അരങ്ങേറ്റം. കൊല്ലം എസ്എന്‍ കോളേജില്‍ 1956ല്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ അരങ്ങിന്റെ ഉള്‍ച്ചൂട് തിലകനില്‍ ആവേശിച്ചു. മുണ്ടക്കയം നാടകസമിതി രൂപീകരിച്ചാണ് തിലകന്‍ പ്രൊഫഷണല്‍ നാടകവേദിയില്‍ സ്വന്തം ഇടം തേടിയത്. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലൂടെ അരങ്ങില്‍ നിറഞ്ഞാടി. അരങ്ങിലെ ചക്രവര്‍ത്തിയായി വാഴുമ്പോള്‍ തന്നെ ആകാശവാണിയില്‍ ശബ്ദം കൊണ്ടും പകര്‍ന്നാട്ടങ്ങള്‍ നടത്തി തിലകന്‍. ആ മഹാനടന്റെ  ഭാവതീവ്രവും ഗാംഭീര്യവുമാര്‍ന്ന ശബ്ദം റേഡിയോയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ സ്വീകരിച്ചപ്പോള്‍ ശ്രോതാക്കളുടെ മനസ്സില്‍ നാടകം അരങ്ങുതകര്‍ത്തു.

അരങ്ങിന്റെ തിലകക്കുറി വെള്ളിത്തിരയ്ക്ക് സ്വന്തമാകുന്നത് 1973ലാണ്. പി ജെ ആന്റണി സംവിധാനം ചെയ്ത പെരിയാറിലൂടെ. പിന്നീട് ഉള്‍ക്കടല്‍, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ തിലകന്‍ വെള്ളിത്തിരയില്‍ തന്റെ ഇടം ഉറപ്പിച്ചു. തുടര്‍ന്ന് എത്രയെത്ര കഥാപാത്രങ്ങള്‍... അച്ഛനായും മകനായും ഡോക്ടറായും മന്ത്രവാദിയായും പൊലീസുകാരനായും പള്ളി വികാരിയായും വികടനായുമെല്ലാം അഭ്രപാളിയില്‍ തിലകന്‍ വിസ്മയങ്ങള്‍ തീര്‍ത്തു. പശ്ചാത്തലങ്ങള്‍ ഒന്നായിട്ടുള്ള കഥാപാത്രങ്ങള്‍ പോലും തിലകനില്‍ ആവേശിച്ചപ്പോള്‍ അവയ്ക്ക് പ്രേക്ഷകമനസ്സില്‍ വ്യത്യസ്ത മുഖവും ഇരിപ്പിടവും ലഭിച്ചു.

പ്രേക്ഷകര്‍ പലവട്ടം തലകുലുക്കി കേമമെന്ന് പറഞ്ഞ തിലകന്റെ അഭിനയത്തിന് 1982ല്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കി - മികച്ച സഹനടനുള്ള പുരസ്കാരം. യവനികയിലെ അഭിനയത്തിന്. പിന്നീട് 1985 മുതല്‍ തുടര്‍ച്ചായി നാല് തവണയും മികച്ച സഹനടനുള്ള പുരസ്കാരം തിലകനിലേക്ക് എത്തി. യാത്ര, പഞ്ചാഗ്നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി എന്നീ ചിത്രങ്ങളിലൂടെ. 1998ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിലൂടെയും മികച്ച സഹനടനായി. 1990ലാണ് തിലകന്‍ സംസ്ഥാനത്തെ മികച്ച നടനാകുന്നത് - പെരുന്തച്ചനിലൂടെ.  കഥാപാത്രത്തില്‍ മാത്രമല്ല അഭിനയത്തിലും പെരുന്തച്ചനെന്ന് തെളിയിച്ച തിലകന് 1994ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു.

ദേശീയതലത്തിലും തിലകന്റെ അഭിനയം ശ്രദ്ധപിടിച്ചുപറ്റി.

1988ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകന് ലഭിച്ചു. 1986ല്‍ ഇരകള്‍ എന്ന ചിത്രത്തിനും 1990ല്‍ പെരുന്തച്ചനും മികച്ച നടനുള്ള അവാര്‍ഡിന് തിലകന്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കൈവിട്ടുപോകുകയായിരുന്നു. 2006ല്‍ ഏകാന്തത്തിലെ അഭിനയത്തിന് പ്രത്യേക ജൂറിപുരസ്കാരം ലഭിച്ച തിലകനെ 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2005ല്‍ ഫിലിം ഫെയര്‍ തിലകനെ ദക്ഷിണേന്ത്യയിലെ അപൂര്‍വ പ്രതിഭയായി ആദരിച്ചിരുന്നു. 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിനും ദേശീയതലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മരണശേഷവും ദേശീയ അംഗീകാരം ലഭിച്ചത് ആ അഭിനയത്തികവിനെ കാലത്തിനും മായിക്കാനാകില്ലെന്നതിന്റെ സാക്ഷ്യപത്രമായി മാറി.

വെള്ളിത്തിരയിലെ കഥാപാത്രങ്ങളിലേതിനു സമാനമായ കരുത്ത് തിലകന്റെ നിത്യജീവിതത്തിലും പ്രകടമായിരുന്നു. നടപ്പുസാമൂഹികവ്യവസ്ഥയോട് നിരന്തരം കലഹിച്ചു തിലകന്‍. സ്വന്തം ശരി ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ചങ്കൂറ്റം കാട്ടിയിരുന്നു തിലകന്‍. പത്തൊമ്പതാം വയസ്സില്‍ വീടുവിട്ടിറങ്ങുമ്പോഴുണ്ടായിരുന്ന അതേ ആര്‍ജ്ജവം തന്നെയാണ് ജീവന്‍ വിട്ടുംപോകും വരെ തിലകനിലുണ്ടായിരുന്നത്. സൂപ്പര്‍താരങ്ങളുടെ കോക്കസ് കളിയാണ് മലയാളസിനിമയെ നശിപ്പിക്കുന്നതെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ ഏറെ നഷ്‍ടമായിരുന്നു തിലകന്. താരസംഘടനായ അമ്മ പുറത്താക്കിയെങ്കിലും നിഷേധിയായ ആ കാട്ടുകുതിരയ്ക്ക് കൂസല്‍ തെല്ലുമില്ലായിരുന്നു. തിലകന്റെ ശരികളെ കാലം ശരിവയ്‍ക്കുന്ന കാഴ്ചയും ഇപ്പോള്‍ നമ്മള്‍ കാണുന്നു.തിലകനായിരുന്നു ശരിയെന്ന് പ്രേക്ഷകര്‍ വിളിച്ചുപറയുകയും ചെയ്യുന്നു.

Thilakan

താരതമ്പുരാക്കന്‍മാരുടെ സിനിമയില്‍ അലിഖിത വിലക്ക് കല്‍പ്പിക്കപ്പെട്ടപ്പോള്‍ പഴയ തട്ടകത്തിലേക്ക് മടങ്ങി പൊരുതാനുള്ള ഊര്‍ജ്ജം സംഭരിച്ചു തിലകന്‍. തലയുയര്‍ത്തിപ്പിടിച്ചു തന്നെ തിരിച്ചുവന്നപ്പോള്‍ മുന്‍നിരയില്‍ കസേരയിട്ടുകൊടുക്കാന്‍ രഞ്ജിത്തും അന്‍വര്‍ റഷീദും ഉണ്ടായിരുന്നുവെന്നത് മലയാളിക്ക് അനുഗ്രഹമായി. ഇന്ത്യന്‍ റുപ്പിയിലെ അച്യുതന്‍ നായരായി തിലകനെ സ്ക്രീനില്‍ വീണ്ടും കണ്ടപ്പോള്‍ എവിടെയായിരുന്നു ഇത്രയും നാളെന്ന് പൃഥ്വിരാജിന്റെ കഥാപാത്രത്തെ പോലെ പ്രേക്ഷകരും വിസ്മയിച്ചു. തിലകനിലെ പ്രതിഭവറ്റിയെന്ന ചില പൊയ് വാക്കുകകള്‍ക്കുള്ള മറുപടിയായിരുന്നു ഇന്ത്യന്‍ റുപ്പിയിലെ പ്രകടനം. അവിടംകൊണ്ടും അവസാനിച്ചില്ല. പിന്നീട് ഉസ്താദ് ഹോട്ടലില്‍ കരീമിക്കയായി വന്ന് 'സൂഫി സൂക്തത്തിന്റെ രുചിയുള്ള, സ്നേഹത്തിന്റെ സുലൈമാനി' പകര്‍ന്നുതന്നു തിലകന്‍.ഒരു വീഴ്ചയെ തുടര്‍ന്ന് പക്ഷാഘാതം വന്നെങ്കിലും മടങ്ങിവരവില്‍ യുവനായകര്‍ക്കൊപ്പവും മത്സരിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത് അഭിനയത്തോടുള്ള തിലകന്റെ അടങ്ങാത്ത അഭിനിവേശം കൊണ്ടൊന്നു മാത്രമാണ്. അരങ്ങിനെയും അഭ്രപാളിയേയും ഒന്നുപോലെ വിസ്മയിപ്പിച്ച തിലകന്‍ മടങ്ങിവരവിലും മലയാളത്തിന് സമ്മാനിച്ചത് ഒട്ടനവധി അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങളായിരുന്നു. പക്ഷേ, തിലകനില്‍ ആവേശിക്കാനായി അണിയറയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുന്നതിനിടയില്‍ ആ മഹാനടനു മുന്നില്‍ കാലം കര്‍ട്ടനിട്ടു. 2012 സെപ്റ്റംബര്‍ 24ന്.

Follow Us:
Download App:
  • android
  • ios