Asianet News MalayalamAsianet News Malayalam

ഓണം ആഘോഷിക്കാത്ത തിലകൻ, ഡോക്ടറാകാൻ മോഹിച്ച് അഭിനയത്തില്‍ പെരുന്തച്ചനായി

അഭ്രപാളിയിൽ പകരക്കാരനില്ലാത്ത വിസ്മയ നടൻ. കഴിഞ്ഞ നാല് ദശാബ്‍ദം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മലയാളത്തിന്റെ സ്വന്തം പെരുന്തച്ചൻ. നടനമറിയാമെങ്കിലും നാട്യമറിയാത്ത തന്റേടിയായ  ആരെയും കൂസാത്ത സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാളികളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

Thilakan
Author
Thiruvananthapuram, First Published Sep 24, 2018, 7:08 PM IST

അഭ്രപാളിയിൽ പകരക്കാരനില്ലാത്ത വിസ്മയ നടൻ. കഴിഞ്ഞ നാല് ദശാബ്‍ദം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മലയാളത്തിന്റെ സ്വന്തം പെരുന്തച്ചൻ. നടനമറിയാമെങ്കിലും നാട്യമറിയാത്ത തന്റേടിയായ  ആരെയും കൂസാത്ത സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാളികളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

ഒരു സിംഹത്തെപ്പോലെ ഗർജ്ജിക്കുമെങ്കിലും ഉള്ളിൽ ഒരു പാവം കുട്ടിയായ തിലകൻ കുട്ടിക്കാലത്ത് ഓണവും ഓണപ്പൂക്കളവും സദ്യയുമൊക്കെ ഏറെ ഇഷ്‍ടപ്പെട്ട വ്യക്തിയായിരുന്നു. പിന്നീടങ്ങോട്ട്‌ ഓണം ആഘോഷിക്കാത്തതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരോണത്തിന് അമ്മയുടെ താലിമാല എടുത്തു കൊണ്ട് പോയി വിറ്റ് കിട്ടിയ പൈസയ്ക്ക് വയർ നിറയെ കള്ള് കുടിക്കുകയും കൂട്ടുകാരോടൊപ്പം സിനിമക്കും പോവുകയും ചെയ്‍തു . അങ്ങനെ ചെയ്യാൻ തന്നെ പ്രകോപിപ്പിച്ച കാര്യം തിലകൻ പറഞ്ഞിട്ടുണ്ട്. ഓണത്തിന് അമ്മ എല്ലാവർക്കും ഇലയിട്ട് വിളമ്പിയപ്പോൾ എനിക്ക് മാത്രം വിളമ്പിയില്ല. ഞാൻ നാടകക്കാരനായത് കൊണ്ട് എനിക്ക് പച്ചവെള്ളം പോലും തരാറില്ലായിരുന്നു. ആറ് ദിവസമൊക്കെ അടുപ്പിച്ച് പട്ടിണി കിടന്നിട്ടുണ്ട്. ഒരിക്കൽ വിശപ്പ് സഹിക്കാനാവാതെ പറമ്പിൽ നിന്ന് കപ്പ മാന്തിയെടുത്ത് പച്ചക്ക് വരെ തിന്നിട്ടുണ്ട്. ഓണത്തിന് എല്ലാവർക്കും വിളമ്പിയപ്പോൾ എന്നെ മാത്രം ഒഴിവാക്കി. എനിക്ക് കള്ള് കുടിക്കണമെന്ന് തോന്നി.  കിടക്കാൻ നേരം അമ്മ തലയിണക്കടിയിൽ മാല ഊരിവെയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് മാല എടുത്ത് വിൽക്കുന്നത്. തിരികെ വീട്ടിൽ വരുമ്പോൾ എവിടെയെടാ എന്റെ മാല എന്ന് ചോദിക്കുമ്പോൾ എനിക്ക് പൈസ കിട്ടുമ്പോൾ ഞാൻ ഒരെണ്ണം വാങ്ങിത്തരും എന്ന് പറഞ്ഞപ്പോൾ നീ എനിക്കൊരു മാല വാങ്ങി തന്നേക്കാം ....പക്ഷെ താലി മേടിച്ചു തരുമോടാ എന്ന ചോദ്യത്തിനു മുന്നിൽ ഞാനെന്ന പത്തൊൻപത് വയസ്സുകാരന് മറുപടി ഇല്ലായിരുന്നു. താലിയുടെ മാഹാത്മ്യത്തെക്കുറിച്ച് അന്നൊന്നും അറിവില്ലായിരുന്നു. അന്ന് മനസ്സിലേറ്റ മുറിവാണ് പിന്നീട് ഒരിക്കലും ഓണം ആഘോഷിക്കുക എന്നതിൽ നിന്നും പിന്തിരിപ്പിച്ചതെന്ന് തിലകൻ പിന്നീട് പറഞ്ഞിരുന്നു. അച്ഛൻ ആഘോഷിക്കാറില്ലങ്കിലും ഞങ്ങൾ ആഘോഷിക്കുന്നതിന് ഒരിക്കലും വിമുഖത കാട്ടിയിട്ടില്ല എന്ന് മകൾ സോണിയ പറയുന്നു.

Thilakan

ബാല്യകാലം

പി എസ് കേശവൻ, പി എസ് ദേവയാനി എന്നിവരുടെ മകനായി 1935ൽ ജൂലൈ 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ആറ് മക്കളിൽ രണ്ടാമത്തെ മകനായി ജനിച്ചു. പത്തൊൻപതു വയസ്സുവരെ വളർന്നത് റബ്ബർ എസ്റ്റേറ്റിലുള്ള വീട്ടിലായിരുന്നു. അച്ഛൻ റബ്ബർ എസ്റ്റേറ്റിൽ റൈട്ടർ ആയിരുന്നു.ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാർ. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. അഞ്ചു മൈൽ ദൂരെയുള്ള സ്ക്കൂളിൽ പോകാൻ വേണ്ടി പുറത്തേക്കിറങ്ങിയാൽ നോക്കെത്താ ദൂരം വരെ റബ്ബർ മരങ്ങളും, അങ്ങിങ്ങായി സ്ഥിതി ചെയ്യുന്ന തൊഴിലാളികളുടെ ലയങ്ങളും, റൈട്ടമ്മാരുടെ വീടുകളും സൂപ്രണ്ടു സായിപ്പിന്റെയും മാനേജരു സായിപ്പിന്റെയും ബംഗ്ലാവുകളും മാത്രം.

സഹോദരി പി കെ തങ്കമ്മയും തിലകനുമൊന്നിച്ചാണ് സ്‍കൂളിൽ പോകുന്നത്. അഞ്ച് മണിക്ക് സ്‍കൂൾ വിട്ടാൽ ആറ് മണിക്ക് വീടെത്തിക്കൊള്ളണം. അല്ലങ്കിൽ അടി കിട്ടും.അച്ഛൻ കണിശക്കാരനായ ഒരു വ്യക്തി ആയിരുന്നു. ഒരു പാട്ട് പാടാനോ നാടകം അഭിനയിക്കാനോ ഒന്നിനുമുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.ഒരു കമ്യൂണിസ്റ്റുകാരനായി ചിന്തിക്കുവാനുള്ള അനുവാദവുമില്ലായിരുന്നു. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട ഒരവസ്ഥ .അച്ഛനെ ഭയമായിരുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും എനിക്കത് കിട്ടിയിട്ടില്ല എന്ന് തിലകൻ പറയുന്നുണ്ട്. അതു കൊണ്ടായിരിക്കണം ആരെങ്കിലും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ തടഞ്ഞാൽ ചോദ്യം ചെയ്യുന്നത്. സ്വാതന്ത്ര്യം ഏറ്റവും ഇഷ്‍ടപ്പെടുന്ന വ്യക്തിയായിരുന്നു.

സ്‍കൂൾ വിദ്യാഭ്യാസം

ആദ്യ വിദ്യാലയം സെന്റ് ലൂയിസ് പ്രൈമറി സ്ക്കൂൾ. ഇവിടെയാണ് വിദ്യാഭ്യാസം തുടങ്ങുന്നത്. അതിന് മുമ്പ് ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചിരുന്നു. അക്ഷരങ്ങൾ എല്ലാം എഴുതുവാൻ പഠിച്ചിട്ടാണ് സെന്റ് ലൂയിസിൽ രണ്ടാം ക്ളാസ്സിൽ ചേരുന്നത്. പിന്നീട് കോട്ടയം MD സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.

ഡോക്ടറാകണമെന്ന ജീവിതാഭിലാഷത്തോടെ വൈദ്യശാസ്ത്രത്തിനുതകുന്ന ഗ്രൂപ്പെടുത്ത് ഇന്റർമീഡിയറ്റിന് കൊല്ലം ശ്രീ നാരായണ കോളേജിൽ പഠനം ആരംഭിച്ചു. പക്ഷേ ആദ്യ വർഷം തന്നെ നിർബന്ധിത വിടുതൽ സർട്ടിഫിക്കറ്റ് നേടി കോളേജിൽ നിന്ന് പുറത്തായതോടെ വിദ്യാഭ്യാസം വഴിമുട്ടി. ഒപ്പം ജീവിതവും." വിധി എന്നു കരുതി സമാധാനിക്ക് " എന്ന് കുടുംബക്കാരും കൂട്ടുകാരും പറഞ്ഞപ്പോൾ ആ "വിധി"യോട് ശരിക്കും ഒന്നു പോരാടാൻ തന്നെ തീരുമാനിച്ചു.
         
തുടർന്ന് പഠിപ്പിക്കുവാൻ തയ്യാറാകാതിരുന്ന അച്ഛന്റെ അലമാരയിൽ നിന്ന് പഠനത്തിനുള്ള പണം മാത്രം മോഷ്ടിച്ച് ഹിന്ദി വിദ്വാൻ പഠിക്കാൻ ചേർന്നു. മന:സിരുത്തി പഠിച്ചു. പരീക്ഷയടുത്തു. ഹാൾ ടിക്കറ്റിന് അറുപത് രൂപ ട്രഷറിയിലടച്ച് രസീത് വാങ്ങണം .അച്ഛന്റെ അലമാര തുറന്നു.ഇതിനോടകം മോഷണവിവരം മനസ്സിലാക്കിയ അച്ഛൻ പണം അലമാരയിൽ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. ഇനിയിപ്പോൾ എന്ത് ചെയ്യും. പലരോടും വായ്പയായി ചോദിച്ചു. ആരും തന്നില്ല. ദിവസങ്ങൾ കടന്നു പോയി. പണമടയ്ക്കേണ്ട അവസാന ദിവസവും എത്തിക്കഴിഞ്ഞു. മുണ്ടക്കയത്ത് നിന്ന് ഒമ്പത് മൈൽ അകലെയുള്ള കാഞ്ഞിരപ്പള്ളി ട്രഷറിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് പണമടച്ചില്ലങ്കിൽ പരീക്ഷക്ക് ഇരിക്കാൻ പറ്റില്ല.ഒടുവിൽ അച്ഛന്റെ ആത്മസുഹൃത്തായ ധന്വന്തരി വൈദ്യശാലയിലെ ജനാർദ്ദനൻ വൈദ്യരെ കണ്ടു ചോദിച്ചു. അകത്തേക്ക് വിളിച്ചു കൊണ്ടുപോയിട്ട് പറഞ്ഞു "മോനേ.... നീയെനിക്ക് സ്വന്തം മകനെ പോലെയാണ്. സഹായിക്കണമെന്ന ആഗ്രഹവുമുണ്ട്. പക്ഷെ നീ ആവശ്യപ്പെട്ടാൽ പണം തരരുതെന്ന് നിന്റച്ഛൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് . നിന്റെച്ഛന് ഞാൻ വാക്കു കൊടുത്തു പോയി .എന്നോടൊന്നും തോന്നരുത് എന്ന് പറഞ്ഞു കൊണ്ട് ആ പത്തൊൻപത്കാരന്റെ നിറുകയിൽ തലോടി.

അല്‍പസമയം നിസംഗനായി നിന്ന തിലകൻ വിതുമ്പി പോയി. ഒരു വിധത്തിൽ സമനില കൈവരിച്ച് വാച്ചിലേക്കു നോക്കിയപ്പോൾ ട്രഷറിയിൽ പണമടയ്ക്കേണ്ട സമയവും കഴിഞ്ഞിരിക്കുന്നു. യാത്ര ചോദിക്കാനായി വൈദ്യരുടെ മുഖത്തേക്ക് നോക്കിയപ്പോൾ തുളുമ്പി നിൽക്കുന്ന ആ കണ്ണുകൾ കണ്ട് ഒന്നും പറയാനാകാതെ പടിയിറങ്ങി. ഹിന്ദി ഇതിഹാസും, ടെക്സ്റ്റും, ഗ്രാമറും നെഞ്ചോട് ചേർത്തു പിടിച്ച് കെ.കെ റോഡിലൂടെ എസ്റ്റേറ്റിലുള്ള വീട്ടിലേക്ക് വിധിയോട് പോരാടിയപ്പോൾ സംഭവിച്ച തോൽവിയുടെ ഫലമായ നിരാശയോടെ തല കുനിച്ച് നടന്നു നീങ്ങി.

നാടകത്തിലേക്കുള്ള അരങ്ങേറ്റം

 ആദ്യ വിദ്യാലയമായ സെന്റ് ലൂയിസ് പ്രൈമറി സ്‍കൂളിൽ പഠിക്കുന്ന കാലത്തെ സുഹൃത്തായ ജയ്ഹിന്ദ് ചെല്ലപ്പൻ അന്നത്തെ ഒരു ഓർമ്മ പങ്കുവെയ്ക്കുന്നതിങ്ങനെ. സ്‍കൂളിന്റെ താഴെയായി നാലാൾ പിടിച്ചാൽ പിടി എത്താത്ത വലിയ ഒരു എലവ്  മരം ഉണ്ടായിരുന്നു. മൂന്നാലിഞ്ച് വലിപ്പമുള്ള ഒരു മുള്ള് എലവ് മരത്തിൽ നിന്നും തിലകൻ അടർത്തിയെടുത്ത് സ്ക്കൂളിന്റെ തിണ്ണയിൽ വെച്ച് ലെവൽ ചെയ്ത് ബ്ലയിഡ് കൊണ്ട് സ്വന്തം പേര് കൊത്തി മഷി പുരട്ടി ബുക്കിൽ ഒട്ടിച്ചു. ക്ലാസ്സ് ടീച്ചർ ആയ മറിയക്കുട്ടി ആശാട്ടി യാദൃശ്ചികമായി ഇത് കാണാനിടയായി. "നീ ഒരു കലാകാരനാണ്.... നിന്നിൽ ഒരു കലാഹൃദയമുണ്ടെന്ന് " അന്ന് മറിയക്കുട്ടി ആശാട്ടി പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി അന്വർത്ഥമായി.ഈ സംഭവത്തിന് ശേഷം മറിയക്കുട്ടി ആശാട്ടിയുടെ സംവിധാനത്തിൽ "ഒരു നാടകം കിട്ടുന്നതിൽ പാതി " എന്ന നാടകം പിറന്നു. ആദ്യമായി നാടകത്തിലേക്ക് ചുവടു വെച്ചത് അവിടെ നിന്നാണ്. പിന്നീടങ്ങോട് സ്‍കൂളിൽ പഠിക്കുമ്പോൾ തന്നെ നിരവധി നാടകങ്ങൾ ചെയ്തു. നാടകാഭിനയം തുടങ്ങിയതിൽ പിന്നെ തിലകനോട് അച്ഛനും അമ്മയും മിണ്ടാതായി. വീട്ടിൽ നിന്നും ആഹാരം പോലും നിഷേധിച്ചു. വിശപ്പ് സഹിക്കാനാവാതെ പച്ച കപ്പ വരെ പിഴുതെടുത്ത് കഴിച്ചിട്ടുണ്ട്.

അച്ഛന്റെ ആജ്ഞകളെ ലംഘിച്ച് കൊണ്ട് തിലകൻ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോൾ 1951-ൽ എംഎൽഎ എന്ന നാടകം മുണ്ടക്കയത്ത് കളിക്കുകയുണ്ടായി. സ്‍കൂൾ നാടകങ്ങളിലൂടെ കലാ പ്രവർത്തനമാരംഭിച്ച തിലകൻ പതിനായിരത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിക്കുകയും നാൽപ്പത്തിമൂന്ന് നാടകങ്ങൾ സംവിധാനവും നിർവ്വഹിച്ചു. 1956 ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണ സമയ നാടകനടനായി.ഇക്കാലത്ത് മുണ്ടക്കയം നാടക സമിതി എന്ന പേരിൽ ഒരു നാടക സമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയ യോഗങ്ങളിലും തിലകന്റെ വിപ്ലവ ഗാനങ്ങൾ പതിവായിരുന്നു. മറ്റൊരു അതുല്യപ്രതിഭയായ പി ജെ ആന്റണിയുടെ "ഞങ്ങളുടെ മണ്ണാണ് " എന്ന നാടകം സംവിധാനം ചെയ്ത് കൊണ്ടാണ് തിലകൻ നാടക സംവിധാനത്തിലേക്ക് കടക്കുന്നത്.

ഹാർമോണിയം... മന:സിന്റെ ഹാർമണി

   
ഹാർമോണിയത്തിന്റെ ശബ്‍ദം ഹരമായിരുന്നുവെന്നും തിലകൻ മുമ്പ് പറഞ്ഞിരുന്നു. കാരണം ജനിച്ചതും പത്തൊൻപതു വയസ്സു വരെ വളർന്നതും റബ്ബർ എസ്റ്റേറ്റിലുള്ള വീട്ടിലായിരുന്നു. ആണ്ടിലൊരിക്കൽ ശബരിമലയ്ക്കു പോകാൻ മാലയിടുന്ന തൊഴിലാളി സ്വാമിമാരുടെ, ശ്രുതിപ്പെട്ടി മീട്ടിയും ഗഞ്ചിറ കൊട്ടിയുമുള്ള ഭജന പാട്ടുകളം മാത്രമാണവിടുത്തെ സംഗീതം. എങ്ങും ഹാർമോണിയത്തിന്റെ ശബ്‍ദം കേട്ടിട്ടില്ല. ചെറുപ്രായത്തിൽ വല്ലപ്പോഴുമൊരിക്കൽ അച്ഛന്റെ കൂടെ പോയി കണ്ടിട്ടുള്ള സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതരുടെയും അഗസ്റ്റിൻ ജോസഫിന്റെയും വൈക്കം മണിയുടേയുമൊക്കെ നാടകങ്ങളിൽ സ്റ്റേജിന്റെ ഇടത് ഭാഗത്തായി സ്ഥാപിച്ചു വായിച്ചു പാടിയിരുന്ന 'ചവിട്ടാർ മോണിയ'ത്തിന്റെ ശബ്‍ദം ഓർമ്മയുണ്ടെങ്കിലും അതൊന്നും മന:സ്സിൽ തങ്ങി നിന്നില്ല. ഹിന്ദി വിദ്വാന് പരീക്ഷ ഫീസടയ്ക്കാൻ പണം കിട്ടാതെ അച്ഛന്റെ സുഹൃത്തിന്റെ അടുത്തു നിന്ന് ബുക്കുകൾ നെഞ്ചോട് ചേർത്ത് വെച്ച് കെ കെ റോഡിലൂടെ നടന്നു നീങ്ങുമ്പോൾ റോഡിന്റെ വലതു ഭാഗം ചേർന്ന് മണിമലയാറിന്റെ ശാഖ വലിയ ശബ്‍ദത്തോടെ ഒഴുകുന്നത് കാണാം. വീറോടെ മുന്നേറുന്ന പുഴയുടെ ചലനങ്ങൾ ശ്രദ്ധിച്ചു നടന്നപ്പോൾ ചിന്തയിലും മനസ്സിലും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതു പോലെ....തുടർന്നു പഠിക്കണമെന്നൊരു തോന്നൽ. അതിനായി ആരുടെ മുതലും മോഷ്‍ടിക്കാതെ, ആരുടെ മുന്നിലും കൈ നീട്ടാതെ, സ്വയം അദ്ധ്വാനിച്ചു പണമുണ്ടാക്കണം.ന്യായവും നീതിയും നില നിർത്തി മുന്നേറുമ്പോൾ തടസ്സം നിൽക്കുന്നത് എത്ര വലിയതാണെങ്കിലും ചെറുത്ത് തോല്‍പ്പിക്കണം.

കുനിഞ്ഞ തല നിവർന്നു. നടത്തത്തിനു വേഗത കൂടി. പൊടുന്നനെ പുഴയോരത്തു നിന്നൊരു മധുര സ്വരം. ഹാർമോണിയം, തബല, ക്ലാർനറ്റ്, വയലിൻ തുടങ്ങിയ ഉപകരണങ്ങളുടെ മേളക്കൊഴുപ്പോടു കൂടിയ സംഗീതം. അറിയാവുന്ന വീട്ടിൽ നിന്നുമാണ്. റോഡിൽ നിന്ന് ശ്രദ്ധിച്ച ശേഷം ജനാലയിലൂടെ അകത്തേയ്‍ക്ക് നോക്കി. നാടക റിഹേഴ്സൽ നടക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു. ഹൃദയസ്പർശിയായ സംഭാഷണ ശകലങ്ങൾക്ക് ഹാർമോണിയം,തബല, വയലിൻ,ക്ലാർനറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ മേളക്കൊഴുപ്പ് പശ്ചാത്തലമൊരുക്കി. സംഗീതോപകരണങ്ങളിൽ മുന്നിട്ടു നിന്ന ഹാർമോണിയത്തിന്റെ ശബ്‍ദം മനസ്സിന് ഹരം പകർന്നപ്പോൾ സ്വർഗ്ഗലോകത്തായിരുന്നുവെന്നായിരുന്നു തിലകൻ പിന്നീട് ആ ഓര്‍മ്മകള്‍ പങ്കുവച്ചത്.

റിഹേഴ്സൽ കണ്ടാസ്വദിച്ചു നിന്നവരെ നാടക പ്രവർത്തകർ കോമ്പൗണ്ടിൽ നിന്ന് പുറത്താക്കി. നാടകപ്രവർത്തകരിൽ ഒരാളായ തിലകന്റെ സുഹൃത്ത് അദ്ദേഹത്തിന് മാത്രം അവിടെ നിൽക്കുവാൻ അനുവാദം നൽകി. എന്നു മാത്രമല്ല കഥാനായകന്റെ വേഷം വളരെ മോശമായി അവതരിപ്പിച്ചിരുന്ന നടനു പകരമായി അഭിനയിക്കുവാൻ തിലകനെ നിർബ്ബന്ധിക്കുകയും ചെയ്തു. അന്നുവരെ വിദ്യാലയങ്ങളിലെ വേദികളിൽ മാത്രം നാടകാഭിനയം ശീലിച്ചിട്ടുള്ള തിലകൻ അങ്ങനെ ആദ്യമായി ആ നാടകത്തിലെ കഥാനായകനെ അവതരിപ്പിച്ചു കൊണ്ട് പൊതുവേദിയിൽ അരങ്ങേറി. ശ്രീമാൻ .ഏരൂർ വാസുദേവ് രചിച്ച "ജീവിതം അവസാനിക്കുന്നില്ല" എന്ന ആ നാടകം, അവസാനിച്ചുവെന്ന് കരുതിയ തിലകന്റെ ജീവതത്തെ സജീവമാക്കി. പ്രസ്തുത നാടകം നിരവധി സ്ഥലങ്ങളിൽ അവതരിപ്പിക്കുകയും പലരുടെയും കണ്ണിലുണ്ണിയാവുകയും പുറത്തറിയപ്പെടുകയും ചെയ്തു. 1955 ൽ കോട്ടയം നാഷണൽ തീയേറ്റേഴ്സിൽ നിന്ന് കിട്ടിയ ക്ഷണം സ്വീകരിച്ചതോടെ പ്രഫഷണൽ നടനായി; നാടകം ജീവിതമായി. പിന്നീട് അനവധി നാടക സമിതികൾ താണ്ടി അഭിനയം തുടർന്നു. 1966 വരെ കെപിഎസ്സി യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും, പി ജെ ആന്റണിയുടെ സമിതികളിലും പ്രവർത്തിച്ചു. പി ജെ ആന്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നു. റേഡിയോ നാടകങ്ങൾക്കും ശബ്‍ദം നൽകിയിരുന്നു.

സിനിമയിലേക്കുള്ള അരങ്ങേറ്റം

 പി ജെ ആൻറണിയുടെ പെരിയാർ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ഗന്ധർവ്വ ക്ഷേത്രമാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം .ഒരു മിനിട്ട് മാത്രം ദൈർഘ്യമുള്ള ഗസ്റ്റ് റോൾ ആയിരുന്നു. 1979ൽ ആണ് സിനിമയിൽ സജീവമാകുന്നത്. കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചലചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം.ലോഹിതദാസ് എന്ന സംവിധായകനെ കണ്ടെത്തിയതും തിലകൻ ആയിരുന്നു. അദ്ദേഹം നിർബന്ധിച്ചിട്ടാണ് സിബി മലയിലിനെ കാണുന്നതും തിരക്കഥാകൃത്ത് ആയി മാറുന്നതും. തിലകന്റെ ശരീര ഭാഷക്ക് ഏറ്റവും അനുയോജ്യമായ വെള്ളിത്തിരയിൽ ജ്വലിക്കുന്ന ഒട്ടേറെ  കഥാപാത്രങ്ങളെ ഒരുക്കിയതും ലോഹിതദാസ് ആയിരുന്നു.

കഥാപാത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ

 തനിയാവർത്തനത്തിൽ തുടങ്ങിയ തിലകൻ-ലോഹി കൂട്ട് കെട്ട് വിജയം പിന്നീട് പലകുറി ആവര്‍ത്തിച്ചു. കുടുംബപുരാണം എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രമായി മറ്റൊരാളെ ലോഹിക്ക് മനസ്സിൽ കാണാൻ കഴിയില്ലായിരുന്നു. അത് തിലകന് മാത്രം അവതരിപ്പിക്കാൻ കഴിയുന്ന വേഷം. അതുപോലെ തന്നെയുള്ള അച്ഛൻ വേഷം ചെങ്കോലിലും കിരീടത്തിലും നൽകി. അഭിനയത്തിന്റെ അസാധാരണമായ ചില നിമിഷങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകാൻ തിലകന് നിഷ്പ്രയാസം സാധിച്ചു.

 മലയാളിയുടെ ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന ഒരു കഥാപാത്രമാണ് പെരുന്തച്ഛന്റേത്. കാഴ്ചക്കപ്പുറത്ത് ആ പെരുന്തച്ഛൻ ഇന്നും നമ്മോടൊപ്പമുണ്ട്. മൂന്നാംപക്കത്തിലെ മുത്തശ്ശനെ നമുക്ക് മറക്കാൻ കഴിയാത്ത പോലെ, പഞ്ചാഗ്നിയിലെ പരുക്കനായ രാമേട്ടനും, കിരീടത്തിലെ നിർഭാഗ്യവാനായ അച്ഛൻ അച്യുതൻ നായരും, നമുക്ക് പാർക്കാൻ മുന്തിരി തോപ്പിലെ ക്രൂരനായ രണ്ടാനച്ഛനും, നാടോടിക്കാറ്റിലെ പേടി തൊണ്ടനായ അനന്തൻ നായരും കണ്ണെഴുതി പൊട്ടും തൊട്ടതിലെ നടേശൻ മുതലാളിയും തിലകന്റെ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ മുട്ടുകുത്തിയ ചില കഥാപാത്രങ്ങളാണ്. ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോനെ തിലകനല്ലാതെ ആര് അവതരിപ്പിക്കും എന്ന രഞ്ജിത്തിന്റെ ചോദ്യം എത്ര പ്രസക്തമാണെന്ന് ചിത്രം തെളിയിച്ചു. സ്വാഭാവിക നടനത്തിന്റെ നടന ചാതുരി ഇരുന്നൂറിലധികം സിനിമകൾ പിന്നിടുമ്പോൾ പ്രേക്ഷകർക്ക് എക്കാലത്തും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു പിടി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്.

Thilakan

കുടുംബം

രണ്ട് ഭാര്യമാരിലായി ആറ് കുട്ടികൾ. ആദ്യ ഭാര്യയിൽ മൂന്ന് ആൺകുട്ടികൾ. ഷാജി തിലകൻ(അപ്പോളോ ടയേഴ്‌സിൽ ജോലി ചെയ്യുന്നു) ഷമ്മി തിലകൻ ,ഷോബി തിലകൻ (ഫിലിം ഇൻഡസ്ട്രിയിൽ ) രണ്ടാമത്തെ ഭാര്യയിൽ ഷിബു തിലകൻ ( ബിസിനസ്സ്), സോണിയ തിലകൻ (ഡോക്ടർ ) സോഫിയ തിലകൻ(ഫിസിയോ തെറാപ്പിസ്റ്റ് ). നാല് ആൺമക്കൾക്ക് ശേഷം ജനിച്ച അദ്യത്തെ മകളായ സോണിയയോട് തിലകൻ എന്ന മഹാനടന് ഏറെ വാത്സല്യമായിരുന്നു. ഡോക്ടറാകണമെന്ന അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സോണിയ എന്ന മകൾ സാധിച്ചു കൊടുക്കുകയായിരുന്നു.

മലയാള സിനിമ തിലകൻ എന്ന വിസ്മയ നടന്റെ നടനത്തെ ഭയപ്പെട്ടിരുന്നുവോ?

മലയാള സിനിമ ഒന്നടങ്കം വിചാരിച്ചിട്ടും അഭ്രപാളിയിൽ അരങ്ങ് തീർത്ത അഭിനയ പ്രതിഭയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുട്ടുകുത്തുവാൻ മാത്രമെ കഴിഞ്ഞിട്ടുള്ളു. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിൽ അമ്മ എന്ന സംഘടന വിലക്ക് ഏർപ്പെടുത്തിയപ്പോൾ ജീവിക്കാനായി സീരിയലിൽ അഭിനയിക്കാൻ പോയി. അവിടെയും കാത്തിരുന്നത് വിലക്ക് തന്നെ ആയിരുന്നു. സിനിമാ ജീവീതം അവസാനിച്ചിട്ടും തിലകൻ തോറ്റില്ല. താര രാജാക്കൻമാർക്കെതിരെ പോർവിളി മുഴക്കി."എന്റെ രോമത്തിൽ പോലും തൊടാൻ നിങ്ങൾക്ക് പറ്റില്ലെന്ന് വെല്ലുവിളിച്ചു". കൂടുതൽ കരുത്തോടെ പുനർജനിച്ചു. സിനിമയില്ലെങ്കിലും സീരിയൽ ഇല്ലങ്കിലും  പഴയ തട്ടകമായ നാടകത്തിലൂടെ അഭിനയിച്ച് കാണിച്ചു കൊടുത്ത ആ ചങ്കൂറ്റം ഇന്ന് ചലച്ചിത്ര രംഗത്ത് എത്ര പേർക്ക് ഉണ്ടാകും? അഞ്ച് മാസം കൊണ്ട് എൺപത്തി മൂന്ന് നാടകം കളിച്ചു. "ഇതാ ദൈവത്തിന്റെ സ്വന്തം നാട് " ആയിരത്തിലധികം സ്റ്റേജ് പിന്നിട്ടു. നാടക ജീവിത്തിൽ പതിനായിരം സ്റ്റേജുകളിൽ അഭിനയിച്ചു ജീവിച്ചത്.

 ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിന് വേണ്ടി പ്രൊഡ്യൂസർ സുബൈർ ഇരുപത്തിയഞ്ച് ദിവസത്തെ ഷൂട്ടിങ്ങിനുള്ള അനുവാദവും വാങ്ങി അഡ്വാൻസും കൊടുത്താണ് മടങ്ങിയത്. പിന്നീടറിയുന്നത് ഫെഫ്ക സമ്മതിക്കാത്തത് കാരണം തിലകനെ ഒഴിവാക്കി എന്നാണ്. അതിനുള്ള മറുപടിയായി അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്- ഒരു തൊഴിലാളിയുടെ തൊഴിൽ നിഷേധിക്കലാണോ സംഘടനയുടെ കർമ്മം. അതാണോ നയം. ഒരു സംവിധായകൻ ആരെയെങ്കിലും ഭയപ്പെടേണ്ട കാര്യമുണ്ടോ?

 "ഡാം 999" എന്ന ഇംഗ്ലീഷ് സിനിമയിലഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആലപ്പുഴയിലെ ഹോട്ടലിലെത്തിയ തിലകനെ കാത്തിരുന്നതുംഫെഫ്ക സഹകരിക്കുന്നില്ല എന്ന പ്രഖ്യാപനമാണ്. ഫെഫ്കയുടെ പിടിവാശിയിൽ തിലകനെ മാറ്റുകയാണ് എന്ന് അതിന്റെ സംവിധായകൻ സോഹൻ റോയ് പ്രഖ്യാപിച്ചു.

 എല്ലാവരും ഒന്നിന് പിറകെ ഒന്നായി തിലകൻ എന്ന അഭിനയ സാമ്രാട്ടിനെ വേട്ടയാടുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. "കായ്ഫലമുള്ള വൃക്ഷത്തിലല്ലേ ആളുകൾ കല്ലെറിയൂ" സത്യത്തിൽ അത് തന്നെയല്ലേ യഥാർത്ഥ കാരണവും .....

 
വഴി മാറിയ അവാര്‍ഡും മറ്റ് പുരസ്‍കാരങ്ങളും

തിലകന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമായിരുന്നു പെരുന്തച്ചൻ. മികച്ച നടനുള്ള ദേശീയ അവാർഡ് ഉറപ്പിച്ചിരുന്നുവെങ്കിലും ഉത്തരേന്ത്യൻ ലോബിക്ക് വഴങ്ങി ജൂറി അമിതാഭ് ബച്ചനു നൽകുകയായിരുന്നു.ബച്ചന്റെ ആ കഥാപാത്രത്തെ ഇപ്പോൾ ആരും ഓർക്കാറില്ലങ്കിലും പെരുന്തച്ചൻ ഒരു തവണ കണ്ടവർ ഒരിക്കലും മറക്കില്ല. 1990-ൽ സംസ്ഥാന അവാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും എല്ലാവരും അംഗീകരിച്ച സത്യമായിരുന്നു പെരുന്തച്ചന്റെ ഏഴയലത്തുപോലും ബച്ചന് എത്താൻ കഴിഞ്ഞില്ല എന്നത് . അംഗീകാരം കിട്ടാത്തതിന്റെ പേരിൽ ഒരിക്കലും തിലകൻ ക്ഷോഭിച്ചിട്ടില്ല.  2009-ൽ രാഷ്‍ട്രം പത്മശ്രീ നൽകി ആദരിച്ച തിലകന്റെ അഭിനയ യാത്രയിൽ നിരവധി അംഗീകാരങ്ങൾ തിലകക്കുറി ചാർത്തിയിട്ടുമുണ്ട്. ദേശീയ തലത്തിൽ മൂന്ന് തവണ ആദരിക്കപ്പെട്ടു. 1987-ൽ  ഋതുഭേദത്തിലും 2006ൽ ഏകാന്തത്തിലെ അഭിനയത്തിലും 2012ൽ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിനും ദേശീയ തലത്തിൽ ആദരിക്കപ്പെട്ടു.

Thilakan


അഭിനയവിളക്കിലെ തീനാളം


പത്തൊൻപതാമത്തെ വയസ്സിൽ ജീവിതം കൈവിട്ട് എന്ന് ധരിച്ചപ്പോൾ അതൊരു തെറ്റിദ്ധാരണ ആയിരുന്നുവെന്ന് മനസ്സിലായത് തന്റെ എഴുപതാമത്തെ വയസ്സിൽ ആണെന്നാണ് തിലകൻ പറഞ്ഞത്.. ഡോക്ടറാകാൻ മോഹിച്ച കോളേജ് പഠനംപാതി വഴിയിൽ മുടങ്ങിയപ്പോൾ പ്രൊഫ. ശിവ പ്രസാദ് സാർ പറഞ്ഞ വാചകം ഞാനിന്ന് ഓർക്കുകയാണെന്ന് തിലകൻ പറയുന്നുണ്ട്. "നീ ധൈര്യമായിട്ട് പോകൂ... ഡോക്ടർ ആയില്ലെങ്കിലും പോട്ടെ ടാ .... നീയൊരു വലിയൊരു നടനാകും. ഒരു വിളക്ക് ഒടിക്കാൻ വളരെയെളുപ്പമാണ്. പക്ഷെ അതിന്റെ തീ നാളത്തിൽ കൈ ഒന്ന് തൊടാൻ ആർക്കും സാധിക്കില്ല. ജീവിതം ഒരു അപാര സാഗരമാണ്. തിരമാലകൾ ആഞ്ഞടിക്കും..... പാടും.... തേങ്ങിക്കരയും.... തീരത്ത് ഭയന്ന് നിൽക്കരുത്.... ആഴങ്ങളിലേക്ക് എടുത്തു ചാടി മുങ്ങുക. ഒരു പക്ഷെ പൊങ്ങി വന്നില്ലെന്ന് വരാം. സാരമില്ല. പൊങ്ങി വന്നാൽ കൈയ്യിൽ മുത്ത് ഉണ്ടായിരിക്കും ".....


അന്ന് ശിവ പ്രസാദ് സാർ പറഞ്ഞതുപോലെ കൈ നിറയെ മുത്തുമായി പൊങ്ങിവന്ന അഭിനയ വിസ്മയമായിരുന്നു തിലകനെന്നത് വാക്കുകളില്‍ പകുക്കേണ്ട കാര്യമല്ലല്ലോ?

Follow Us:
Download App:
  • android
  • ios