ഇന്ത്യയിലെ ഒരു ടിവി സീരിയല്‍ ബംഗ്ലാദേശില്‍ കലാപം ഉണ്ടാക്കി. ബംഗാളി ടിവി സീരിയലിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക് പറ്റിയ കലാപത്തിലേക്ക് കാര്യങ്ങളെ നയിച്ചത്. 

സംഭവം ഇങ്ങനെ, കിരണ്‍മാല എന്ന സീരിയലിന് ബംഗ്ലാദേശില്‍ വലിയ പ്രചാരമാണുള്ളത്. ഒരു ഫാന്‍റസി കഥയാണ് ഈ നോവല്‍ പറയുന്നത്. കഴിഞ്ഞ ദിവസം കിഴക്കന്‍ ബംഗാളിലെ ഒരു ചായക്കടയില്‍ രണ്ടുപേര്‍ സീരിയലിലെ കഥയിലെ ചിലകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു. ഇരുവരുടെയും ഭാഗത്ത് പക്ഷം പിടിക്കാന്‍ ആളുകള്‍ കൂടി, ഒടുവില്‍ ഇത് വലിയ ബഹളമായി പരിണമിച്ചു.

ഒടുവില്‍ കയ്യില്‍ കിട്ടിയ സാധനങ്ങളുമായി ഈ ജനക്കൂട്ടം തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ വലിയ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. പോലീസിന് കണ്ണീര്‍ വാതകം പോലും പ്രയോഗിക്കേണ്ടിവന്നു. എന്തായാലും ഇതിനെല്ലാം കാരണക്കാരായ ആദ്യം തര്‍ക്കിച്ച രണ്ടുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.