ബോളിവുഡിനെ സംബന്ധിച്ച് അപ്രതീക്ഷിത പരാജയമാണ് ചിത്രത്തിന്റേത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ആമിര്‍ഖാന്‍, ഒപ്പം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍, നിര്‍മ്മിക്കുന്നത് ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാപ്രേമിക്ക് സമ്മാനിച്ച യാഷ് രാജ് ഫിലിംസ്. എല്ലാത്തിനും പുറമെ റിലീസ് ചെയ്യുന്നത് ഹിന്ദി ചിത്രങ്ങളുടെ ഏറ്റവും വലിയ ബിസിനസ് സീസണായ ദീപാവലിക്കും. പക്ഷേ എല്ലാം വെറുതെയായി.
സോഷ്യല്‍ മീഡിയയുടെ സ്വാധീനശക്തി എന്തെന്ന് ബോളിവുഡ് വ്യവസായത്തെ ഇനി ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. ബോളിവുഡിലെ എക്കാലത്തെയും വലിയ മുതല്‍മുടക്കുമായെത്തിയ ചിത്രം തകര്‍ന്നടിഞ്ഞതിന് കാരണം ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തോടുള്ള തങ്ങളുടെ അതൃപ്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വിനിമയം ചെയ്തതാണ്. ആമിര്‍ഖാനും അമിതാഭ് ബച്ചനും കരിയറില്‍ ആദ്യമായൊന്നിച്ച ദീപാവലി റിലീസ് 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ' കാര്യമാണ് പറയുന്നത്. 300 കോടി മുതല്‍മുടക്കിലെത്തിയ ചിത്രത്തിന്റെ ആജീവനാന്ത ഇന്ത്യന്‍ കളക്ഷന്‍ 150 കോടിക്കും 175 കോടിക്കുമിടയില്‍ അവസാനിക്കുമെന്നാണ് അറിയുന്നത്.
ബോളിവുഡിനെ സംബന്ധിച്ച് അപ്രതീക്ഷിത പരാജയമാണ് ചിത്രത്തിന്റേത്. തൊട്ടതെല്ലാം പൊന്നാക്കുന്ന ആമിര്‍ഖാന്‍, ഒപ്പം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍, നിര്‍മ്മിക്കുന്നത് ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാപ്രേമിക്ക് സമ്മാനിച്ച യാഷ് രാജ് ഫിലിംസ്. എല്ലാത്തിനും പുറമെ റിലീസ് ചെയ്യുന്നത് ഹിന്ദി ചിത്രങ്ങളുടെ ഏറ്റവും വലിയ ബിസിനസ് സീസണായ ദീപാവലിക്കും. പക്ഷേ എല്ലാം വെറുതെയായി. കാരണം ലളിതമാണ്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി തങ്ങളുടെ അതൃപ്തി അവര്‍ അറിയിക്കുകയും ചെയ്തു. ഫലം, വാരാന്ത്യദിനങ്ങള്‍ ആയിട്ടുകൂടി രണ്ടാംദിവസം മുതല്‍ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ ഇടിഞ്ഞു.
റിലീസിന് മുന്‍പ് ലഭിച്ച വമ്പന്‍ ഹൈപ്പ് കൊണ്ട് ചിത്രത്തിന് മികച്ച ആദ്യദിന കളക്ഷന്‍ ലഭിച്ചു. പക്ഷേ അതിന് കാരണം ആദ്യ അഭിപ്രായങ്ങള്‍ എത്തുന്നതിന് മുന്‍പേ ടിക്കറ്റ് എടുത്ത പ്രേക്ഷകര്‍ ആയിരുന്നു. 52.25 കോടിയാണ് റിലീസ് ദിനമായിരുന്ന എട്ടിന് ചിത്രം നേടിയത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍, പ്രധാനമായും ട്വിറ്ററില്‍ ചിത്രത്തെ അധികരിച്ച് റിലീസ് ദിനം മുതല്‍ പ്രചരിച്ച തമാശകളും നെഗറ്റീവ് അഭിപ്രായങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളിലെ കളക്ഷനെ സാരമായി ബാധിച്ചു.
വ്യാഴാഴ്ചത്തെ (റിലീസ് ദിനം) കളക്ഷനേക്കാള്‍ 44.33 ശതമാനമാണ് വെള്ളിയാഴ്ചത്തെ കളക്ഷന്‍. 28.25 കോടിയായിരുന്നു രണ്ടാംദിനമായ വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. ശനിയാഴ്ച അത് വീണ്ടും കുറഞ്ഞു. ലഭിച്ചത് 22.75 കോടി. ഞായറാഴ്ച അതിലും താഴ്ന്ന് 17.25 കോടിയും! അതായത് ദീപാവലി അവധിദിനങ്ങള്‍ ആയിരുന്നിട്ടുകൂടി ആദ്യ നാല് ദിനങ്ങളില്‍ ചിത്രത്തിന് ലഭിച്ച ഇന്ത്യന്‍ കളക്ഷന്‍ വെറും 123 കോടി മാത്രം. റിലീസ് ചെയ്തത് ഇന്ത്യയില്‍ ആകമാനം 5000 സ്‌ക്രീനുകളില്‍ ആണെന്ന് ഓര്‍ക്കണം. വിജയ് ചിത്രം 'സര്‍ക്കാര്‍' ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 100 കോടി പിന്നിട്ടിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല, വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് അമ്പേ മോശം പ്രതികരണമാണ് ലഭിക്കുന്നത്. യുഎസ്, കാനഡ, യുഎഇ, ജിസിസി, യുകെ, മറ്റ് കേന്ദ്രങ്ങളും കണക്കിലെടുത്താല്‍ ആകെ വിദേശ വാരാന്ത്യ കളക്ഷന്‍ 6.40 മില്യണ്‍ ഡോളര്‍ മാത്രം. അതായത് 46.67 കോടി ഇന്ത്യന്‍ രൂപ! ഒരു മള്‍ട്ടിസ്റ്റാര്‍ ബോളിവുഡ് ചിത്രം നേടുമെന്ന് കരുതപ്പെടുന്നതിന്റെ നാലിലൊന്ന് പോലും വരില്ല ഈ തുക.
