ഫഹദും സുരാജ് വെഞ്ഞാറമ്മൂടുമാണ് പോസ്റ്ററില്‍. ഇരുവരും ഒരു കനാലിലെ വെള്ളത്തിലാണ്. സിനിമയുടെ ഉദ്വേഗജനകമായ ഒരു രംഗമായിരിക്കും ഇതെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. 

കണ്ണൂര്‍ കാസര്‍ക്കോട് അതിര്‍ത്തിയിലാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. മഹേഷിന്റെ പ്രതികാരം പോലെ ഒരു നാട്ടിന്‍പുറ സിനിമയാണ് ഇതും. സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഗതിനിര്‍ണയിക്കുന്നത്. 'ഇതൊരു ഭയങ്കര ചെറിയ സിനിമയാണ്' എന്നാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍ ചിത്രത്തെ നേരത്തെ ഒരഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. 

സംവിധായകന്‍ രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, അലെന്‍സിയര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  ബിജിപാല്‍ ആണ് സംഗീതം. ചിത്രസംയോജനം കിരണ്‍ദാസ്.