Asianet News MalayalamAsianet News Malayalam

തൊണ്ടിമുതലും ദൃക്സാക്ഷിയും- റിവ്യൂ

Thondimuthalum Driksakshiyum Review
Author
First Published Jun 30, 2017, 3:00 PM IST

മഹേഷിന്‍റെ പ്രതികാരം എന്ന മലയാളത്തിന്‍റെ വ്യത്യസ്തമായ സിനിമ കാഴ്ചയുടെ അണിയറക്കാര്‍ വീണ്ടും. അതാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പരസ്യം. ദിലീഷ് പോത്തന്‍റെ സിനിമ എന്ന ബ്രാന്‍റില്‍ നിന്നും വരുന്ന രണ്ടാം ചിത്രം ആ പ്രതീക്ഷ കാക്കുന്നു എന്നാണ് കണ്ടിറങ്ങുന്ന പ്രേക്ഷകനും തോന്നുക. റിയലിസ്റ്റിക്ക് കാഴ്ചകളെ പരിചരിച്ച് മുന്നോട്ട് പോകുന്ന കഥ. അഭിനയം എന്ന് പറയാത്ത കഥാപാത്രങ്ങളുടെ പ്രകടനം, മനോഹരമായ ദൃശ്യ പരിചരണം. മഹേഷിന് ശേഷം പോത്തേട്ടനില്‍ നിന്ന് പ്രേക്ഷകന്‍ ഒരു വര്‍ഷമായി പ്രതീക്ഷിച്ചതൊക്കെ കിട്ടിയെന്ന് പറയാം.

മഹേഷിന്‍റെ പ്രതികാരത്തിന്‍റെ പാശ്ചാത്തലവുമായി യാതൊരു തരത്തിലുള്ള ബന്ധവും മേക്കിംഗിലോ, ആഖ്യാനത്തിലും  തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍ പുലര്‍ത്തുന്നില്ല. സജീവ് പാഴൂരിന്‍റെ തിരക്കഥയില്‍ സംഭാഷണങ്ങള്‍ എഴുതാന്‍ കൂട്ടുകൂടിയിരിക്കുന്നത് ശ്യാംപുഷ്കരനാണ്. മലയാളത്തില്‍ ചിലപ്പോള്‍ ആദ്യമായി ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന പോസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത് ശ്യാമിന് വേണ്ടിയായിരിക്കാം. അത് ചിത്രത്തെ തുണച്ചുവെന്ന് പറയേണ്ടിവരും. ഒരു പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് അന്വേഷണമാണ് രണ്ടേകാല്‍ മണിക്കൂര്‍ പ്രേക്ഷകനിലേക്ക് ചിത്രം പകര്‍ന്ന് നല്‍കുന്നത്.

കോമഡിയുണ്ടോ, ജീവിതമുണ്ടോ എന്നൊന്നും പ്രത്യേകമായി ചികഞ്ഞ് എടുക്കാന്‍ സമ്മതിക്കാതെ സംഭവങ്ങള്‍ റിയലസ്റ്റിക്കായി ഒഴുകുകയാണ്. പ്രസാദ്- ശ്രീജ ദമ്പതികള്‍ ജീവിത പ്രശ്നങ്ങളാല്‍ ഉഴലുമ്പോഴാണ്, ശ്രീജയുടെ മാലവില്‍ക്കാന്‍ പോകുന്നത്. എന്നാല്‍ ആ ബസ് യാത്രയില്‍ പ്രസാദ് എന്ന് പേരുള്ളൊരു  മോഷ്ടാവ് മാല മോഷ്ടിച്ച് വിഴുങ്ങുന്നു. ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ സംഭവിക്കുന്ന രംഗങ്ങളുമാണ് പിന്നെ. പ്രസാദിനും ഭാര്യയ്ക്കും മാല തിരിച്ച് കിട്ടുമോ എന്ന ചോദ്യത്തിനപ്പുറം ആ സ്റ്റേഷനില്‍ ഉടലെടുക്കുന്ന അന്തരീക്ഷവും രംഗങ്ങളുമാണ് പ്രേക്ഷകനെ ചിത്രത്തോട് അടുപ്പിക്കുന്നത്.

ഇരുപത്തിയഞ്ചോളം വരുന്ന പൊലീസുകാര്‍,  പൊലീസുകാരായി തന്നെയാണ് ചിത്രത്തിലെത്തുന്നത്. മഴയത്ത് എങ്കിലും ഏതെങ്കിലും പൊലീസ് സ്റ്റേഷന്‍റെ വരാന്തയില്‍ കയറി നിന്നയാള്‍ക്ക് അനുഭവം ഉണ്ടാകുന്ന സീനുകളാണ് കലര്‍പ്പില്ലാതെ സിനിമയില്‍. ഒപ്പം സ്വന്തമായി ഒരു അടയാളം (ഐഡി) യില്ലാത്തവന്‍റെ വ്യഥയും  ചിത്രത്തില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. 

ചിത്രത്തിന്‍റെ സാങ്കേതിക മേഖലയില്‍, പരിചയ സമ്പന്നത സംവിധായകനെ ഏറെ തുണയ്ക്കുന്നുണ്ട്. അതില്‍ പ്രധാനം രാജീവ് രവിയുടെ ക്യാമറ തന്നെയാണ്. വൈക്കത്തിന്‍റെ ജലമയമായ നാട്ടുകാഴ്ചകളില്‍ നിന്നും ചിത്രം കാസര്‍കോഡിന്‍റെ ഊഷരതയിലേക്ക് നീളുമ്പോള്‍ ആ മാറ്റം സ്ക്രീനില്‍ ഫലിപ്പിക്കാന്‍ രാജീവ് രവിയുടെ ക്യാമറയ്ക്കാവുന്നു. ബിജിബാലിന്‍റെ ഗാനങ്ങള്‍ പ്രേക്ഷക മനസില്‍ ഒരു കൊളുത്താകുന്നില്ലെങ്കിലും പശ്ചാത്തല സംഗീതം ചിത്രത്തെ തുണയ്ക്കുന്നുണ്ട്. 

അഭിനേതാക്കളുടെ കാര്യത്തിലേക്ക് വന്നാല്‍, ദിലീഷ് പോത്തന്‍റെ ഐഡിയോളജി പ്രാവര്‍ത്തികമാക്കുന്നു എന്ന് തന്നെ പറയാം. മുന്‍പ് തന്നെ തനിക്ക് വലിയ അഭിനേതാക്കള്‍ വേണ്ടെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ സുരാജ് വെഞ്ഞാറമൂടിലൂടെയും, അലന്‍സിയറിലൂടെയും അത് എങ്ങനെയാണെന്ന് കാണിച്ചു തരുന്നു. നായികമായി എത്തുന്ന നിമിഷ സന്ധ്യയുടെ ശ്രീജയും മികച്ച് നില്‍ക്കുന്നു. എടുത്തു പറയേണ്ടത് ഫഹദ് ഫാസിലിന്‍റെ റോള്‍ തന്നെയാണ്. ഊരോ പേരോ, ഒരു ഐഡന്‍റിറ്റിയോ വെളിവാക്കുന്നില്ലെങ്കിലും ഫഹദിന്‍റെ മുഖത്ത് ക്യാമറ വയ്ക്കുന്ന ഒരോ നിമിഷവും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റാണെന്ന് പറയാം.

മഹേഷിന്‍റെ പ്രതികാരത്തോളം വരുമോ എന്ന താരതമ്യത്തിന് ഒരു ഇടവും ഇല്ലാത്ത ചിത്രമാണ് ഉര്‍വ്വശി തീയറ്റര്‍ നിര്‍മ്മിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും. എന്നാല്‍ രണ്ടാം പകുതിയില്‍ ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ചിത്രത്തില്‍ ചെറിയ ലാഗ് അനുഭവപ്പെട്ടേക്കാം. പക്ഷെ ചിത്രത്തിന്‍റെ പരിചരണത്തെയോ, രസച്ചരടിനെയോ അത് ബാധിക്കുമെന്ന് തോന്നുന്നില്ല.  തൊണ്ടിമുതലും ദൃക്സാക്ഷിയും പോത്തേട്ടന്‍ ബ്രില്ലന്‍സ് തുടരുന്നു.

Follow Us:
Download App:
  • android
  • ios