പുലിമുരുകന്റെ റെക്കോര്‍ഡ് കളക്ഷനെ കുറിച്ചുള്ള വാര്‍ത്തകളാണെങ്ങും. റെക്കോര്‍ഡുകള്‍ ഭേദച്ച് മുന്നേറുന്ന പുലിമുരുകന്‍ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാകുമെന്ന ചര്‍ച്ചകള്‍ക്കിടെ കളക്ഷനില്‍ മുരുകന്‍ മാത്രമല്ല ജോപ്പനും പുലിയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. തോപ്പില്‍ ജോപ്പന്റെ സംവിധായകന്‍ ജോണി ആന്റണി തന്നെയാണ് ചിത്രത്തിന്റെ ആദ്യ നാലു ദിവസത്തെ കളക്ഷന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ജോണി ആന്റണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ച് തോപ്പില്‍ ജോപ്പന്‍ നാല് ദിവസം കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 8.43 കോടിയാണ്. നെറ്റ് 6.71 കോടിയും ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 4.02 കോടിയും.

115 സ്‌ക്രീനുകളിലാണ് കേരളത്തില്‍ മാത്രം തോപ്പില്‍ ജോപ്പന്‍ റിലീസ് ചെയ്തത്. ഇത്തവണ ശനിയും ഞായറും പിന്നാലെ പൂജാ അവധിയും മുഹറവും എല്ലാം ഒരുമിച്ച് വന്നത് മലയാളസിനിമാ വ്യവസായത്തിന് നേട്ടമായെന്ന് ചുരുക്കം. വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം തീയേറ്ററുകളിലെത്തിയത്.