കൊച്ചി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ ടൊവീനോ തോമസ്. ഉള്ളവന്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ നീതിയാണെന്നും ഇതിന്റെ അവസാനം ഒരു റെവല്യൂഷന്‍ ആയിരിക്കുമെന്നും ടൊവിനോ ഫേസ്‌ബുക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടൊവിനോയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു .വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടും കുറ്റവാളി . കോടികൾ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു . പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട് . ഇതെല്ലാം ഉള്ളവർ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തർക്കും ഓരോ നീതി . സൂപ്പർ !!

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാൻ നിക്കണ്ട . എല്ലാരും കണക്കാ . ഞാനും നിങ്ങളും എല്ലാ പാർട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടൽ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല . ശ്രീ മാർക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും !!