പത്തേമാരിക്ക് ശേഷമുള്ള സലിം അഹമ്മദ് ചിത്രം
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സലിം അഹമ്മദിന്‍റെ പുതിയ ചിത്രത്തിൽ നായകനായി ടൊവിനോ തോമസ്. 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുക. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, അപ്പാനി ശരത്, അലൻസിയർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധായകനാവാന്‍ കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സലിം അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണമാരംഭിക്കും. ലോസ്ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. കഴിഞ്ഞ തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തോടത്തിന്‍റെ സമയത്താണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിന്‍റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഫെയ്‌സ്ബുക്കിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു.
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. സലിം കുമാറിന് മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്കാരങ്ങള്‍ നേടി ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി, കുഞ്ഞനന്തന്‍റെ കട എന്നിവയാണ് മറ്റ് സലിം അഹമ്മദ് ചിത്രങ്ങൾ. അതേസമയം തീവണ്ടി, മറഡോണ എന്നി ചിത്രങ്ങളാണ് ടൊവിനോയുടേതായി ഉടൻ തിയേറ്ററുകളിലെത്താനിരിക്കുന്ന മറ്റ് ചിത്രങ്ങൾ. ടൊവിനോ നായകനായി എത്തുന്ന മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യനും അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
