ബാഹുബലി 2ന്റെ വന്‍ വിജയത്തിന് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് 'സാഹൊ'. യു.വി. ക്രിയേഷന്‍സും ടി സിരീസും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'സാഹൊ'യുടെ പുതിയ മേക്കിംഗ് വീഡിയോ പുറത്തെത്തി. 'ഷേഡ്‌സ് ഓഫ് സാഹൊ' എന്ന പേരില്‍ അണിയറക്കാര്‍ പുറത്തിറക്കുന്ന മേക്കിംഗ് വീഡിയോ സിരീസില്‍ രണ്ടാമത്തേതാണ് ഇത്. നായിക ശ്രദ്ധാ കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്ക് ആശംസകളുമായാണ് 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ എത്തിയിരിക്കുന്നത്. 

എത്രത്തോളം തികവോടെയുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്ന് പുതിയ വീഡിയോ അടിവരയിടുന്നു. മലയാളി താരം ലാല്‍ കൂടി പങ്കെടുത്ത അബുദബി ഷെഡ്യൂളില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. വീഡിയോയിലും ലാലിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം വില്ലന്‍ പരിവേഷമുള്ളതല്ലെന്ന് ലാല്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. അതിനാല്‍ തന്റെ കഥാപാത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഇല്ലെന്നും. അബുദബി ഷെഡ്യൂളിന്റെ ഒരാഴ്ചത്തെ ചിത്രീകരണത്തിലാണ് ലാല്‍ പങ്കെടുത്തത്.

Also Read: 'നേരിട്ടുകണ്ടപ്പോള്‍ എന്റെ ധാരണകളൊക്കെ തെറ്റി'; സാഹൊയുടെ ചിത്രീകരണാനുഭവം പറഞ്ഞ് ലാല്‍: അഭിമുഖം

കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഷങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും.