ചെന്നൈ: സൂര്യ കുള്ളനാണെന്ന് സണ്‍ മ്യൂസിക് അവതാരകര്‍ ലൈവ് പരിപാടിയ്ക്കിടയില്‍ കളിയാക്കിയ സംഭവത്തില്‍ പ്രതിഷേധമുയരുകയാണ്. തമിഴ് സിനിമാരംഗത്തെ അതികായരും സൂര്യയുടെ ആരാധകരും അവതാരകരുടെ അഭിപ്രായത്തിനെതിരെ രംഗത്തു വന്നിരുന്നു. സണ്‍ മ്യൂസികിന്‍റെ ഓഫീസിനു മുന്നില്‍ ആരാധകരുടെ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. 

Scroll to load tweet…

എന്നാല്‍ വിവാദത്തില്‍ ട്വിറ്ററില്‍ കൂടി പ്രതികരിച്ച സൂര്യ പറയുന്നത് ഇങ്ങനെ, ഒരിക്കലും തികച്ചും അസംബന്ധമായ ഇത്തരം വിമര്‍ശനങ്ങളോട് തരംതാണതരത്തില്‍ പ്രതികരിയ്ക്കാന്‍ പാടില്ല. എന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിയ്ക്കുന്നത്. ആ സമയത്ത് സമൂഹത്തിന് ഉപകാരപ്രദമായ മറ്റെന്തെങ്കിലും ചെയ്യൂ. സൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം സണ്‍ മ്യൂസികിന്‍റെ ലൈവ് പരിപാടിയ്ക്കിടയില്‍ രണ്ടു വനിതാ അവതാരകരാണ് സൂര്യയെപ്പറ്റി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സ്റ്റൂളും അനുഷ്‌കയോടൊപ്പം അഭിനയിക്കണമെങ്കില്‍ ഹീല്‍സും വേണ്ടി വരുമെന്നായിരുന്നു അവതാരകരുടെ പരിഹാസം.