പബ്ലിസിറ്റി മെറ്റീരിയലുകള്‍ കൊണ്ട് ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് തീയേറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. ഈ വ്യാഴാഴ്ച ചിത്രം തീയേറ്ററുകളിലെത്തും. ശ്യാം പുഷ്‌കരന്‍ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി നാരായണനാണ്. അതേസമയം ചിത്രത്തിലെ ഫഹദ് ഫാസില്‍ കഥാപാത്രമുള്‍പ്പെടുന്ന പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ട്രെയ്‌ലറിലെ പ്രധാന ഇന്‍ട്രൊഡക്ഷനുകളില്‍ ഒന്നായിരുന്നു ഫഹദ് അവതരിപ്പിക്കുന്ന ഷമ്മി എന്ന കഥാപാത്രത്തിന്റേത്. കുമ്പളങ്ങിയിലെ കൗമാരക്കാരുടെ വാക്കുകളിലൂടെയാണ് ട്രെയ്‌ലറില്‍ ഷമ്മി അവതരിപ്പിക്കപ്പെടുന്നത്. ആള് വലിയ ചൂടനാണെന്നും 'പിശകാ'ണെന്നുമൊക്കെയുള്ള ഡയലോഗുകള്‍ കുട്ടിക്കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. ട്രെയ്‌ലര്‍ പ്രകാരം കുമ്പളങ്ങിക്കാരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവരുന്നയാളാണ് ഫഹദിന്റെ ഷമ്മി. സിനിമ എന്നാണ് ഭാര്യയുടെ പേര്. ഇരുവരും ഉള്‍പ്പെടുന്നതാണ് പുതിയ പോസ്റ്റര്‍.

നസ്രിയ നസീം, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ കുമ്പളങ്ങി നൈറ്റ്‌സിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം. സൈജു ശ്രീധരന്‍ എഡിറ്റിംഗ്.