ദില്ലി: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഭീഷണിയുമായി അധോലോകനായകന്‍ ഹാജി മസ്‌താന്‍ മിര്‍സയുടെ വളര്‍ത്തുമകന്‍. സുന്ദര്‍ ശേഖര്‍ എന്ന അഭിഭാഷകന്‍ മുഖേന നല്‍കിയ വക്കീല്‍ നോട്ടീസിലാണ് രജനികാന്തിന് ഭീഷണിയുള്ളത്. രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ ഹാജി മസ്‌താന്‍ അധോലോകനായകനും കള്ളക്കടത്തുകാരനുമാണെന്ന് പറയുന്നുണ്ട്. ഇങ്ങനെ പറയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി നിറഞ്ഞ വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്. രജനികാന്ത് പുതിയതായി അഭിനയിക്കുന്ന ചിത്രത്തില്‍ 1926നും 1994നും ഇടയില്‍ ജീവിച്ചിരുന്ന അധോലോകനായകന്റെ വേഷമാണ് ചെയ്യുന്നത്. രാഷ്‌ട്രീയപ്രവര്‍ത്തകനായിരുന്ന ഹാജി മസ്‌താന്‍ മിര്‍സയെ അപമാനിക്കുന്ന വേഷവും സംഭാഷണവുമാണ് ചിത്രത്തിലുള്ളത്. ഇതില്‍നിന്ന് രജനികാന്ത് പിന്‍വാങ്ങണം. ഇല്ലെങ്കില്‍, നിയമപരമായി നേരിടും. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വക്കീല്‍നോട്ടീസില്‍ പറയുണ്ട്. തന്റെ പിന്നില്‍ വലിയൊരു രാഷ്‌ട്രീയപാര്‍ട്ടിയും ആയിരകണക്കിന് അനുയായികളുമുണ്ട്. ഹാജി മസ്‌താന്‍ മിര്‍സയെ അപമാനിക്കുന്ന ചിത്രം നിര്‍മ്മിച്ചാല്‍, അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഇനി ഹാജി മസ്‌താനെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചേ തീരുവെങ്കില്‍, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന സിനിമ താന്‍ തന്നെ നിര്‍മ്മിക്കാമെന്നും വക്കീല്‍നോട്ടീസിലൂടെ വളര്‍ത്തുമകന്‍ പറയുന്നുണ്ട്.