ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ പാക് അഭിനേതാക്കളെ ബോളിവുഡ് സിനിമകളില്‍നിന്ന് വിലക്കണമെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. പാക്ക് അഭിനേതാക്കള്‍ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ ബോളിവുഡിലെ നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. പാക് അഭിനേതാക്കളെ നാടു കടത്തണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയും ആവശ്യപ്പെട്ടിരുന്നു. പാക്ക് അഭിനേതാക്കള്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ ചിത്രം നാല് സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് പ്രിയങ്ക ചോപ്ര ഈ വിഷയത്തില്‍ ഇടപെട്ടത്. 

രാജ്യത്ത് സംഭവിക്കുന്ന വലിയ രാഷ്ട്രീയ വിഷയങ്ങളുടെ ഉത്തരവാദിത്തം കലാകാരന്‍മാരുടെ തലയിലിടുന്നത് കൗശലമാണെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. എന്തിന് കലാകാരന്‍മാര്‍ അതിന് പഴിയേല്‍ക്കണം? എന്തു കൊണ്ട് ബിസിനസുകാരെ ഒന്നും പറയുന്നില്ല? ഡോക്ടര്‍മാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ പ്രശ്‌നമില്ലല്ലോ. പൊതുജനങ്ങളല്ലാത്ത മറ്റൊരു വിഭാഗത്തിനെയും പറയുന്നില്ല. സിനിമയെയും കലാകാരന്‍മാരെയും മാത്രമാണ് ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്ന് പ്രിയങ്ക പറഞ്ഞു. 

താന്‍ രാജ്യസ്‌നേഹിയാണെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തെ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കൊപ്പവും താനുണ്ടാവും. അതേ സമയം കലാകാരന്‍മാരെ ഇതിന്റെ പേരില്‍ കുരുക്കുന്നത് ശരിയല്ലെന്നാണ് തന്റെ വിശ്വാസം. ഒരു കലാകാരനും ആര്‍ക്കും ഒരുപദ്രവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. 'കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം കലയാണ് അവരുടെ മതം. മതത്തിന്റെ പേരില്‍ ഒരു കലാകാരനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ഒരു കുറ്റവും ചെയ്യാത്ത കുറച്ചു പേരൈ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? '-പ്രിയങ്ക ചോദിച്ചു.