ബംഗളുരു: കന്നട ചിത്രങ്ങള്‍ മാറ്റി ബാഹുബലി പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യുവാവ് ബൈക്കുകള്‍ക്ക് തീയിട്ടു. കര്‍ണാടകയിലെ ഹോസ്‌കോട്ടെയിലെ അലങ്കാര്‍ തീയറ്ററിലാണ് 20കാരന്‍ ബൈക്കുകള്‍ക്ക് തീയിട്ടത്. പെട്രോളുമായി എത്തിയ സന്തോഷ് എന്ന യുവാവ് പാര്‍ക്കിംഗില്‍ വച്ചിരുന്ന ബൈക്കുകള്‍ക്ക് തീയിടുകയായിരുന്നു. പത്തോളം ബൈക്കുകള്‍ പൂര്‍ണ്ണമായി കത്തി നിശിച്ചു. 

കന്നട ചിത്രങ്ങള്‍ മാറ്റി ബാഹുബലി 2 പ്രദര്‍ശിപ്പിക്കുന്നതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനാണ് സന്തോഷ്. തീയറ്ററിയെ സുരക്ഷാ ജീവനക്കാരന്‍ എത്തിയപ്പോഴേയ്ക്ക് ഇയാള്‍ ബൈക്കുകള്‍ക്ക് തീയിട്ടിരുന്നു. തുടര്‍ന്ന് ഇയാളെ തടഞ്ഞു നിര്‍ത്തി പോലീസിലേല്‍പ്പിച്ചു. 

മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ കന്നട അനുകൂല സംഘടനകള്‍ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിച്ചിരുന്നു. ഒന്‍പത് വര്‍ഷം മുമ്പ് കാവേരി സമരകാലത്ത് നടന്‍ സത്യരാജ് കര്‍ണാടകക്കാരെ അപമാനിച്ചുവെന്നാരോപിച്ചാണ് ചിത്രത്തിന്റെ റിലീസ് തടയാന്‍ ശ്രമം നടന്നത്.