''എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ''

അന്തരിച്ച വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒടിയന്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍. '' അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹം മാത്രമായി നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ'' - ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

വി എ ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ.

വർഷങ്ങളായി ഞാൻ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ.

ജാനിയെ തനിച്ചാക്കാൻ വയ്യാതെ നീയും പോകുമ്പോൾ ലക്ഷ്മിക്കായാണ് എന്റെ പ്രാർത്ഥനകൾ മുഴുവൻ. ഈ ലോകത്തിലെ സകല ദൈവങ്ങളും അവർക്ക് ശക്തി പകരട്ടെ.

പുത്തൂർ നൃത്ത സംഗീതോത്സവ വേദിയിൽ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങൾക്കുള്ളിൽ പൊഴിയാതെയുണ്ട്. 
നീ മീട്ടി നിർത്തിയ ആ വയലിൻ ഈണങ്ങൾ മാത്രമാണ് മാറോടണയ്ക്കാൻ ഉള്ളത്.