കൊച്ചി: മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് നന്പര്‍ 20 മദ്രാസ് മെയില്‍. ടോണി കുരിശിങ്കലെന്ന നായകവേഷത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ അതിഥി വേഷത്തിലെത്തി മമ്മൂട്ടിയും കയ്യടി നേടിയിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ മമ്മൂട്ടിയോട് മണിയന്‍ പിള്ള രാജു പറഞ്ഞ വാരിക്കുഴിയിലെ കൊലപാതകം സിനിമാക്കഥയായെത്തുന്പോള്‍ പ്രേക്ഷകര്‍ക്ക് ത്രില്ലടിക്കാം.

ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ നല്‍കുന്ന സൂചന അതാണ്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 1.47 മിനിട്ടുള്ള ട്രെയിലറാണ് പുറത്തുവന്നത്.  ടേക്ക് വണ്‍ എന്റര്‍ട്ടെയിന്മെന്റ്സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണു ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീഷ് പോത്തനും അമിത് ചക്കലയ്ക്കലുമാണ് വാരിക്കുഴിയിലെ പ്രധാന കഥാപാത്രങ്ങള്‍. ജഗദീഷും മണിയന്‍ പിള്ള രാജവും ചിത്രത്തില്‍ അണിനിരക്കും. അമീറയാണ്  ചിത്രത്തിലെ നായിക, നെടുമുടി വേണു, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. മോഹന്‍ലാല്‍ ടോണി കുരുശിങ്കലെന്ന അതിഥി താരമായെത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.