ദില്ലി: ഏറെക്കാലത്തിനു ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച ചിത്രമാണ് ഒപ്പം. കിലുക്കം, ചിത്രം, താളവട്ടം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് മലയാളത്തിനു സമ്മാനിച്ചു. എന്നാല്‍ മോഹന്‍ലാലിനെ വച്ചു ചെയ്ത ഒരു ചിത്രത്തിന്റെ ക്ളൈമാക്‌സ് ഒന്നു തിരുത്തി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പ്രിയദര്‍ശന്‍. 

വന്ദനമാണ് ആ സിനിമ. ആ സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്കു വലിയ വേദനയാണ് ഉണ്ടാക്കിയത്. അത് ഒന്നു മാറ്റി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്. 

മോഹന്‍ലാല്‍ വില്ലനായാണു സിനിമയില്‍ തുടങ്ങിയത്. പക്ഷേ എനിക്ക് അന്നേ അറിയാം നല്ല തമാശകള്‍ ആസ്വദിക്കുന്ന, എപ്പോഴും ചിരിപ്പിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്ന, വ്യക്തിയാണ് ലാല്‍ എന്ന്. ഈ ഒരു ക്യാരക്ടര്‍ സിനിമയില്‍ നന്നായി ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നി. 

എങ്ങനെ നീ മറക്കും എന്ന സിനിമയില്‍ ഞാന്‍ എഴുതിയ തിരക്കഥയിലാണു ലാലിന്‍റെ ഇത്തരത്തിലുള്ള മുഖം ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത്. 

തുടര്‍ന്നു ലാല്‍ പോസിറ്റിവ് ക്യാരക്ടറുകളിലൂടെ ഹിറോയുമായി. ലാലിനെ അടുത്തറിയാവുന്നതുകൊണ്ടാണ് അങ്ങനെയുള്ള സിനിമ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടാകുമായിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.