ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രം

പ്രോജക്ട് പ്രഖ്യാപനഘട്ടം മുതല്‍ ഒരു അമല്‍ നീരദ് ചിത്രത്തിന് ലഭിക്കുന്ന സവിശേഷശ്രദ്ധയുണ്ട്. അത് മുന്‍കൂട്ടി കണ്ടാവണം അതില്‍നിന്നെല്ലാമൊഴിഞ്ഞ്, മാധ്യമങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ ഫഹദ് നായകനാവുന്ന പുതിയ ചിത്രീകരണത്തിന്‍റെ ചിത്രീകരണം അമല്‍ നീരദ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്‍റെ പേര് വരത്തന്‍ എന്നാണെന്ന് പ്രേക്ഷകര്‍ അറിഞ്ഞതുതന്നെ കഴിഞ്ഞ മാസം ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കിനൊപ്പം അത് പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അമല്‍ നീരദ്.

36 സെക്കന്‍റ് മാത്രം ദൈര്‍ഘ്യം മാത്രമുള്ള ടീസര്‍ വീഡിയോയില്‍ ഫഹദിന്‍റെ ആക്ഷന്‍ സീക്വന്‍സില്‍ നിന്നുള്ള കട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവം എന്തായിരിക്കുമെന്നതിന്‍റെ മുഖവുര പോലെയൊന്ന് അമല്‍ ടീസര്‍ ഷെയര്‍ ചെയ്ത് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. 'സുരക്ഷിതത്വത്തെക്കുറിച്ച് മറക്കുക. എവിടെ ജീവിക്കാനാണോ നിങ്ങള്‍ക്ക് ഭയമുള്ളത്, അവിടെ ജീവിക്കുക. നിങ്ങള്‍ക്കുള്ള യശസ്സിനെ തകര്‍ക്കുക. കുപ്രസിദ്ധനാവുക..' എന്നിങ്ങനെയാണ് അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ച് വരികള്‍.

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും നസ്രിയ നസിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. വാഗമണ്‍, ദുബൈ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം. ഛായാഗ്രഹണം ലിറ്റില്‍ സ്വയാമ്പ് പോള്‍.