വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റചിത്രം 'വര്‍മ'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. സൂര്യയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. തെലുങ്കില്‍ വന്‍ വിജയമായിരുന്ന, വിജയ് ദേവരകൊണ്ട നായകനായ 'അര്‍ജ്ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്കാണ് ചിത്രം. ബാലയാണ് സംവിധായകന്‍.

ഭാഷാഭേദമന്യെ കേരളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെമ്പാടും ജനപ്രീതി നേടിയ അര്‍ജ്ജുന്‍ റെഡ്ഡിയുടെ ടീസര്‍ അക്കാരണം കൊണ്ടുതന്നെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ടീസര്‍ പോരെന്നും അര്‍ജ്ജുന്‍ റെഡ്ഡിയില്‍ ഉണ്ടായിരുന്നതെന്തോ അത് ഇവിടെ നഷ്ടമാണെന്നും തുടങ്ങി തെലുങ്ക് ചിത്രത്തിന്റെ സ്പൂഫ് ആയി തോന്നുന്നെന്നുവരെ കമന്റുകളുണ്ടായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ടീസര്‍ വീഡിയോയ്ക്ക് താഴെ. വിജയ് ദേവരകൊണ്ട ആരാധകരാണ് നെഗറ്റീവ് കമന്റുകള്‍ എഴുതിയതില്‍ ഒരു വിഭാഗം. എന്നാല്‍ അര്‍ജ്ജുന്‍ റെഡ്ഡി ആരാധകര്‍ക്കും തള്ളിക്കളയാനാവാത്തതെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയ്‌ലറിന്റെ കാഴ്ചാനുഭവം.

ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധ്രുവ് വിക്രത്തിനൊപ്പം മേഘ ചൗധരി, ഈശ്വരി റാവു, റെയ്സ വില്‍സണ്‍ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തുന്നു. എം സുകുമാര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് രാധന്‍ ആണ്.