സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍. സൂപ്പര്‍ താരം മമ്മൂട്ടിയുമായി സഹകരിച്ചാണ് ഹ്രസ്വചിത്രം വഴികാട്ടി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വഴികാട്ടി പ്രദര്‍ശിപ്പിക്കും.
ലഹരിയിലേക്ക് വഴുതി വീഴുന്ന സമൂഹത്തെ കുട്ടികളുടെ നേതൃത്വത്തില്‍ കൈപിടിച്ചുയര്‍ത്തുകയാണ് വഴികാട്ടിയുടെ ലക്ഷ്യം. മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, ഡോ. വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വഴികാട്ടിയുടെ നിര്‍മാണം. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് വഴികാട്ടി.
കുട്ടികള്‍ക്കിടയിലെ മൂന്ന് അനുഭവ കഥകളാണ് വഴികാട്ടി പറയുന്നത്. എല്ലാ സ്കൂളുകളിലും ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം വിദ്യാര്‍ഥികളുടെ ലഹരി വിരുദ്ധ സേന രൂപീകരിക്കും. ലക്ഷം കുട്ടികളെ സേനയില്‍ അംഗമാക്കാന്‍ കഴിയുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ഇവര്‍ക്കു വിവിധ തലങ്ങളില്‍ പരിശീലനം നല്‍കും. ഭാവിയില്‍ വിദ്യാര്‍ഥികളെ മുന്‍ നിറുത്തി ലഹരിവിരുദ്ധ നിരീക്ഷണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ശക്തമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
