തിരുവനന്തപുരം: ജോജു ജോർ‌ജ്ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജോസഫിലെ ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി. ''പണ്ട് പാടവരമ്പത്തിലൂടെ'' എന്ന് തുടങ്ങുന്ന പാട്ട് നടൻ പൃഥ്വിരാജിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തത്. പാട്ടിന്റെ ആദ്യ വീഡിയോ പുറത്തിറങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ ജോജുവിന്റെ 'മാസ് ലുക്കി'നെക്കുറിച്ചാണ് പ്രേക്ഷകരുടെ സംസാരം. കേൾവിക്കാരൻ അറിയാതെ താളം പിടിച്ചുപോകുന്ന പാട്ടെന്ന് ആദ്യം തന്നെ പ്രേക്ഷകർ വിധിയെഴുതിക്കഴിഞ്ഞു.

നവംബറിൽ പ്രേക്ഷ​കരിലേക്കെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാറാണ്. വരികളെഴുതി സം​ഗീതം നൽകിയിരിക്കുന്നത്  ഭാ​ഗ്യരാജാണ്. ജോജുവും ബെനഡിക്റ്റ് ഷൈനും ചേർന്ന് പാടിയിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവും ജോജു ജോർജ്ജാണ്. റിട്ടയേർഡ് പൊലീസ് ഓഫീസറായിട്ടാണ് ജോജു ഈ ചിത്രത്തിന്റെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 

'ജോസഫ് എ മാൻ വിത്ത് എ സ്കാർ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാ​ഗ് ലൈൻ. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നു.