കോളേജില്‍ പഠിക്കുന്ന കാലത്ത് ട്രെയിന്‍ യാത്രക്കിടയില്‍ തന്റെ മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ ആളെ താനെങ്ങനെ കൈകാര്യം ചെയ്തുവെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് നടി വിദ്യാബാലന്‍. നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍ട്ടര്‍ നേഹ എന്ന ടെലിവിഷന്‍ പരിപാടിക്കിടയിലാണ് വിദ്യയുടെ വെളിപ്പെടുത്തല്‍.

സെന്റ് സേവിയേഴ്സ് കോളെജിലെ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് സംഭവം. മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു താനും തന്‍റെ മൂന്നു സുഹൃത്തുക്കളും. ലേഡീസ് കമ്പാര്‍ട്ട് മെന്‍റിലായിരുന്നു യാത്ര. വിദ്യ പറയുന്നു.

സുഹൃത്തുക്കളോടൊത്തു സംസാരിച്ചിരിക്കുന്നതിനിടയിലാണ് വനിതാ കമ്പാര്‍ട്ടുമെന്റിലേക്ക് ഒരു പുരുഷന്‍ കയറി വന്നത്. ഇത് വനിതാ കമ്പാര്‍ട്ട്മെന്റ് ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പക്ഷെ അയാളത് ഗൗനിക്കാതെ വാതിലിനരികെ നിന്ന് പാന്റിന്റെ സിപ് തുറന്ന് വൃത്തികേട് കാണിക്കാന്‍ തുടങ്ങിയതായി വിദ്യ പറയുന്നു.

തനിക്കത് സഹിക്കാനായില്ലെന്നും കൈയ്യിലുളള ഫയലുപയോഗിച്ച് അയാളെ ശക്തമായി തളളിയെന്നും വിദ്യ പറയുന്നു. ഭാഗ്യത്തിന് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നും അല്ലായിരുന്നെങ്കില്‍ അയാള്‍ ട്രെയിനില്‍ നിന്ന് വീണു മരിക്കുമായിരുന്നു എന്നുമാണ് വിദ്യയുടെ വെളിപ്പെടുത്തല്‍.