പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ രീതിയിലാണ് ബോളിവുഡ് പ്രതികരിച്ചത്. ഹിന്ദി സിനിമകള്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക്  ജോലി ചെയ്യാന്‍ അവസരം നല്‍കില്ലെന്നുമടക്കമുള്ള തീരുമാനങ്ങളും ബോളിവുഡ് സ്വീകരിച്ചു. 

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ രീതിയിലാണ് ബോളിവുഡ് പ്രതികരിച്ചത്. ഹിന്ദി സിനിമകള്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കില്ലെന്നുമടക്കമുള്ള തീരുമാനങ്ങളും ബോളിവുഡ് സ്വീകരിച്ചു. 

ഈ നടപടികളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ നടി വിദ്യാ ബാലന്‍. ശക്തമായ നിലപാടുകള്‍ നമ്മള്‍ ചിലപ്പോള്‍ സ്വീകരിക്കേണ്ടി വരും. കല എല്ലാ അതിര്‍വരമ്പുകള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറത്താണെന്നാണ് ഞാന്‍ എന്നും വിശ്വസിക്കുന്നതെന്നും എന്നാല്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജനതയെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന, കലയെക്കാള്‍ വലിയ മറ്റൊന്നില്ല. അത് സംഗീതമായാലും കവിതയോ ഡാന്‍സോ നാടകമോ സിനിമയോ എന്ത് കലാരൂപമായാലും അതിന് മാത്രമെ അതിന് സാധിക്കുകയുള്ളൂ. എങ്കിലും ചില സമയങ്ങളില്‍ നമുക്ക് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുന്നതാണെന്നും അവര്‍ വ്യക്തമാക്കി.ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്‍, വിക്കി കൗശല്‍ തുടങ്ങിയവര്‍ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.