വിജയ് ചിത്രം മെര്‍സല്‍ ചിത്രത്തിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ ചിത്രം റീ എഡിറ്റ് ചെയ്യുകയോ സംഭാഷണങ്ങള്‍ നിശബ്ദമാക്കുകയോ ചെയ്യില്ലെന്ന് മെര്‍സലിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹേമ രുക്മിണി. ട്വിറ്ററിലൂടെയായിരുന്നു ഹേമയുടെ പ്രതികരണം.
എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഞങ്ങള്‍ മാറ്റിക്കോളാം
ഒറ്റ സീന്‍ പോലും ചിത്രത്തില്‍ നിന്ന് കട്ട് ചെയ്യുകയോ സംഭാഷണം നിശബ്ദമാക്കുകയോ ചെയ്യില്ല’, ഹേമ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്‍റെ കൂടെ നിന്നവര്‍ക്കും ബി.ജെ.പിക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള മറ്റൊരു ട്വീറ്റും അവര്‍ ചെയ്തിട്ടുണ്ട്.
‘എല്ലാവര്‍ക്കും നന്ദി. സര്‍ക്കാരിന് നന്ദി. ബി.ജെ.പി സുഹൃത്തുക്കള്‍ക്കും നന്ദി. എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഞങ്ങള്‍ മാറ്റിക്കോളാം. എന്തായാലും നന്ദി’ ഹേമ പറഞ്ഞു.
അതേസമയം സിനിമയെ പിന്തുണച്ച് ഒട്ടേറെപേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് മെര്‍സല്‍. ഇനിയും ഈ ചിത്രം സെന്‍സര്‍ ചെയ്യരുതെന്ന് കമലഹാസന്‍ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സിനിമയ്ക്ക് എതിരായുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യുക്തിപരമായ പ്രതികരണമാണ് ആവശ്യം. വിമര്‍ശനത്തിന് മുന്നില്‍ മൗനം അരുത്. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുകയുള്ളൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
'മിസ്റ്റര്‍ മോദി തമിഴ് സംസ്‌കാരത്തിന്‍റെയും ഭാഷയുടെയും ആഴത്തിലുള്ള ആവിഷ്‌കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് സംസ്‌കാരത്തെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കരുതെന്ന് രാഹുല്‍ ഗാന്ധിയും തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒട്ടേറെ രംഗങ്ങളുണ്ട്. അത് വെട്ടിമാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ചിത്രത്തില്‍ ജി എസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാകുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു. വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം ദീപാവലിക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമായ മെര്‍സലിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ കഥ എഴുതിയ വിജയേന്ദ്ര പ്രസാദ്, യുവസംവിധായകരില്‍ കഴിവുറ്റ അറ്റ്‌ലീ, സംഗീതമാന്ത്രികനായ എ.ആര്‍ റഹ്മാന്‍ എന്നിവര്‍ ഒത്തു ചേര്‍ന്ന മെര്‍സല്‍, പേരിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ വിസ്മയമായി മാറി.

