സര്‍ക്കാരിന്റെ യുഎസ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലാസ് വേഗാസില്‍ നിന്നാണ് വിജയ് വിമാനം കയറിയത്.

ഒരു രാഷ്ട്രീയ നേതാവിന് തമിഴകം നല്‍കിയ ഏറ്റവും വലിയ ആദരമാണ് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിക്ക് ലഭിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമന്യെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ, സാംസ്‌കാരിക മേഖലകളിലുള്ളവരുമൊക്കെ തമിഴകത്തിന്റെ കലൈഞ്ജര്‍ക്ക് ആദരമര്‍പ്പിക്കാന്‍ നേരിട്ടെത്തിയിരുന്നു. മരണവാര്‍ത്ത അറിഞ്ഞയുടന്‍ സിനിമകളുടെ ചിത്രീകരണമെല്ലാം നിര്‍ത്തിവച്ചാണ് താരങ്ങള്‍ ചെന്നൈയിലേക്ക് എത്തിയത്. രജനീകാന്ത്, അജിത്ത്, സൂര്യ, ധനുഷ് എന്നിവരൊക്കെ നേരിട്ടെത്തി കരുണാനിധിക്ക് ആദരമര്‍പ്പിച്ചിരുന്നു. എന്നാല്‍ യുഎസില്‍ പുതിയ ചിത്രം സര്‍ക്കാരിന്റെ ചിത്രീകരണത്തിലായിരുന്ന വിജയ്ക്ക് നാട്ടില്‍ എത്താനായില്ല. ഇപ്പോള്‍ യുഎസ് ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയിരിക്കുകയാണ് വിജയ്. വിമാനമിറങ്ങി അദ്ദേഹം ആദ്യമെത്തിയതും കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലമായ മറീന ബീച്ചിലേക്ക് തന്നെ.

സര്‍ക്കാരിന്റെ യുഎസ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലാസ് വേഗാസില്‍ നിന്നാണ് വിജയ് വിമാനം കയറിയത്. 22 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ചെന്നൈയിലെത്തിയ അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മറീന ബീച്ചിലെ കരുണാനിധി ശവകുടീരത്തിലെത്തിയത്.

Scroll to load tweet…

നേരത്തേ കരുണാനിധിയോടുള്ള ആദരസൂചകമായി സര്‍ക്കാരിന്റെ യുഎസ് ഷെഡ്യൂള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. രാധ രവി, പാല കറുപ്പയ്യ, യോഗി ബാബു എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ചെന്നൈയിലാണ് അടുത്ത ഷെഡ്യൂള്‍.