ചെന്നൈ: മക്കള്‍ സെല്‍വനെന്നാണ് വിജയ് സേതുപതിയെ തമിഴ്നാട്ടില്‍ ആരാധകര്‍ വിളിക്കുന്നത്. അത്രയേറെ സൗമ്യനായാണ് താരം ആരാധകരോട് പെരുമാറാറ്. നിലപാടുകൊണ്ടും അഭിനയം കൊണ്ടും വിജയ് സേതുപതി തമിഴ് താരങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്നു. എന്നാല്‍ വിജയ് സേതുപതിയുടെ നിലാപാടും ക്ഷോഭവും ആരാധകര്‍ കണ്ടു. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് താരം ക്ഷുഭിതനായത്.
ജീവ പ്രധാന വേഷത്തിലെത്തുന്ന കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് താരം ക്ഷുഭിതനായത്. ഓഡിയോ ലോഞ്ച് ചടങ്ങ് നിർമാതാക്കളുടെ സംഘടനയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയായി മാറിയപ്പോഴാണ് വിജയ് സേതുപതി ക്ഷുഭിതനായി പ്രതികരിച്ചത്. വേദിയിൽ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ സംഘാടകർ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.
ഓഡിയോ ലോഞ്ചിലെത്തിയ നിർമാതാക്കൾ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ പരസ്പരം പഴിചാരിയും വിമർശിച്ചും മുന്നേറുന്ന അരോചകരമായ സംഭവമാണു നടന്നത്. എന്തിനാണ് ഒത്തുകൂടിയത് എന്നത് മറന്നുകൊണ്ടുള്ള പ്രകടനം കൊഴുക്കവേ വേദിയിലെ മറ്റ് അതിഥികളോടു യാത്ര പറഞ്ഞ് വിജയ് സേതുപതി വേദി വിടാനൊരുങ്ങി. അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘാടകരുടെ അഭ്യർഥന മാനിച്ച് തിരിച്ചെത്തിയ അദ്ദേഹം ഈ സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശനമുന്നയിച്ചു.
നിർമാതാക്കളുടെ സംഘടനാ പ്രശ്നങ്ങൾ സംസാരിക്കേണ്ട ചടങ്ങില്ല ഇവിടം. ഇതൊരു പൊതു ചടങ്ങാണ്. എന്തിനാണ് ഇവിടെ വന്നത് എന്നോർത്ത് താൻ അത്ഭുതപ്പെട്ടു പോയി. വിജയ് സേതുപതി പറഞ്ഞു തീർത്തും നിരാശാജനകമാണിത്. പൊതുജനങ്ങൾക്കിടയിൽ സിനിമാക്കാരെ കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കുന്നത് ഇത്തരം സംഭവങ്ങളാണ്. ഒരു സിനിമയെ വിജയിപ്പിക്കാൻ ഓരോരുത്തരം അത്രമാത്രം കഷ്ടപ്പാടാണ് സഹിക്കുന്നത്.
പക്ഷേ നാലു പടം തുടരെ തുടരെ വിജയിക്കാതെ പോയാൽ ഇൻഡസ്ട്രിയിൽ നിന്ന് എത്ര വലിയ താരവും പുറത്താകും. അവർക്കുള്ള ബഹുമാനവും പോകും. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സഹകരിക്കാം. വിജയ് സേതുപതി പറഞ്ഞു. കലീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കീ. എസ്.മൈക്കിൾ രായപ്പനാണു സിനിമയുടെ നിർമാണം.
