തമിഴില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നാണ് 'സൂപ്പര്‍ ഡീലക്‌സ്'. ഫഹദും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രമായതിനാല്‍ മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ കൗതുകമുണ്ട് ഈ സിനിമയെക്കുറിച്ച്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ഒഫിഷ്യല്‍ ട്രെയ്‌ലറിന് 55 ലക്ഷത്തിലേറെ കാഴ്ചകളാണ് ഇതുവരെ യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ വോയ്‌സ് ഓവറിലുള്ള ഡയലോഗിന്റെ പല വെര്‍ഷനുകളാണ് ട്രെയ്‌ലറിന്റെ പശ്ചാത്തലശബ്ദം. ഇപ്പോഴിതാ ആ നെടുങ്കന്‍ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പൂര്‍ണതയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമം 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

വിജയ് സേതുപതി ഒരു ട്രാന്‍സ്‌ജെന്‍ഡന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം സാമന്ത, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 29ന് തീയേറ്ററുകളിലെത്തും.