തിരുവനന്തപുരത്തെ ചിത്രീകരണം പൂര്‍ത്തിയായി
പൊലീസ് വേഷത്തില് പ്രിയതാരത്തെ അപ്രതീക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തില് കണ്ട ആരാധകര് അമ്പരന്നു. വിക്രമാണ് സാമി സ്ക്വയറിന്റെ ഏതാനും ഭാഗങ്ങള് ചിത്രീകരിക്കാനായി ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില് എത്തിയത്. തിരുവനന്തപുരത്തെ ചിത്രീകരണത്തിന് ശേഷം കോവളം ബൈപ്പാസിലും ചിത്രീകരണം നടത്തിയതിന് ശേഷം വിക്രമും സംഘവും തിരുനെല്വേലിക്ക് മടങ്ങിപ്പോവും. ബോബി സിംഹയുടെ ചില രംഗങ്ങള് ഇന്നലെ യൂണിവേഴ്സിറ്റി കോളെജില് ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ ഫൈനല് ഷെഡ്യൂളല്ല ഇപ്പോള് നടക്കുന്നതെന്നും പ്രധാന പല ഭാഗങ്ങളും ഇനിയും ചിത്രീകരിക്കാനുണ്ടെന്നും ലൈന് പ്രൊഡ്യൂസര് കാര്ത്തിക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബര് മാസങ്ങളിലെ റിലീസിനാണ് പ്ലാന് ചെയ്യുന്നത്.

പതിനഞ്ച് വര്ഷത്തിന് ശേഷം വിക്രം വീണ്ടും ഡിസിപി ആറുസാമിയായി സ്ക്രീനിലെത്തുന്ന ചിത്രമാണ് സാമി സ്ക്വയര്. 2003ല് പുറത്തെത്തിയ ആദ്യഭാഗത്തിന് വമ്പന് വരവേല്പ്പാണ് പ്രേക്ഷകര് നല്കിയത്. തൂത്തുക്കുടി സംഘര്ഷത്തെത്തുടര്ന്ന് ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് കഴിഞ്ഞദിവസം മാറ്റിവച്ചിരുന്നു.
സാമി ഒരുക്കിയ ഹരി തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീന്സ് ആണ് നിര്മ്മാണം. മഹാനടിയിലൂടെ തെലുങ്കില് തരംഗം തീര്ത്ത മലയാളി താരം കീര്ത്തി സുരേഷാണ് ചിത്രത്തില് നായികയായി എത്തുന്നത്. പ്രഭു, ബോബി സിംഹ, ജോണ് വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ആദ്യചിത്രത്തെ വെല്ലുന്ന ആക്ഷന് രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി സ്ക്വയറിലെന്നാണ് അണിയറക്കാര് നല്കുന്ന സൂചന.
