ചെന്നൈ: ചിയാന്‍ വിക്രമിന്‍റെ മകളുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. വളരെ ലളിതമായ ചടങ്ങില്‍ സിനിമ താരങ്ങള്‍ വളരെ കുറവാണെന്നാണ് കോളിവുഡ് വാര്‍ത്ത. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം വിക്രമിന്‍റെ മകള്‍ അക്ഷിതയുടെ വിവാഹ നിശ്ചയ മോതിരം മോഷണം പോയി എന്നാണ് പുതിയ വാര്‍ത്ത.

മോതിരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ, അക്ഷിത ഐസ്‌ക്രീം പാര്‍ലറില്‍ പോയി തിരിച്ചെത്തുമ്പോഴാണ് കൈയ്യിലെ മോതിരം കാണാതായത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഇരു മുഗന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്‍റെ തിരക്കിലാണു വിക്രം. അതേസമയം വാര്‍ത്തയെക്കുറിച്ച് ഇരുവീട്ടുകാരും പ്രതികരണമറിയിച്ചിട്ടില്ല.

ചെന്നൈയിലെ പ്രമുഖ ബിസിനസുകാരനായ രംഗനാഥന്‍റെ മകന്‍ മനു രഞ്ജിത്തുമായാണ് അഷിതയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകന്‍, നടനും ഗായകനുമായ എംകെ മുത്തുവിന്‍റെ മകള്‍ തേന്‍മൊഴിയുടെ മകനാണ് മനു രഞ്ജിത്ത്. 

അഷിതയും മനുവും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചെന്നൈയിലെ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അടുത്ത വര്‍ഷമായിരിക്കും വിവാഹം.