മോഹാന്‍ലാലിന്‍റെ  ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശമാണ് റെക്കോര്‍ഡ് തുകയ്ക്ക് റിലീസിന് മുന്‍പ് തന്നെ വിറ്റത്. ഏഴുകോടി രൂപ നല്‍കി  മലയാളത്തിലെ പ്രമുഖ വിനോദ ചാനലാണ് സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഇതോടൊപ്പം മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ കൂടി ചിത്രത്തിന് സ്വന്തമായിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് മ്യൂസിക് അവകാശവും ഹിന്ദി ഡബ്ബിംഗ് അവകാശവും വിറ്റ ചിത്രമെന്ന റെക്കോര്‍ഡുകളും വില്ലനെ ശ്രദ്ധേയമാക്കുന്നുണ്ട്.

ജംഗ്ലീ മ്യൂസിക് 50 ലക്ഷം രൂപ നല്‍കിയാണ് മ്യൂസിക് അവകാശം വാങ്ങിയത്. ഹിന്ദി ഡബ്ബിംഗ് അവകാശം  ഒരുകോടിരൂപയ്ക്കാണ് വിറ്റത്. ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ മോഹന്‍ലാലിന്‍റെ  പുലിമുരുകന്‍ റിലീസായതിന് ശേഷമാണ് 10 കോടി നല്‍കി ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.

ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. മഞ്ജുവാര്യരാണ് നായിക.  തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക മോട്ട്വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ ചെമ്പന്‍ വിനോദ്, സിദ്ദിഖ്, അജുവര്‍ഗീസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു.