കണ്ണൂര്‍: മോഹന്‍ലാല്‍ ചിത്രം വില്ലന്‍ മൊബൈലില്‍ പകര്‍ത്തിയ ആരാധകന്‍ പിടിയില്‍. സിനിമയുടെ സംഘട്ടന രംഗങ്ങള്‍ മൊബൈല്‍ പകര്‍ത്തുന്നത് കണ്ട വിതരണക്കാരുടെ പ്രതിനിധി പോലീസില്‍ അറിയിക്കുകയായിരുന്നു. ചെമ്പന്തൊട്ടിലില്‍ നിന്നുള്ള 33 കാരനായ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ് പിടിയിലായത്. രാവിലെ കണ്ണൂര്‍ സവിത തിയേറ്ററിലായിരുന്നു സംഭവം.

ആരാധകര്‍ക്കായി രാവിലെ എട്ടിന് ഷോ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് യുവാവ് തന്‍റെ ഫോണില്‍ സംഘട്ടന രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. പടം വിതരണം ചെയ്യുന്ന മാക്‌സ് ലാബിന്‍റെ പ്രതിനിധി പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ആരാധകര്‍ ഏറെ കാത്തിരുന്ന ബി ഉണ്ണികൃഷ്ണ്‍ സിനിമ ഇന്ന് രാവിലെയാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 300 ഓളം തിയേറ്ററുകളില്‍ നേരത്തെ തന്നെ ടിക്ക്റ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. 152 തിയേറ്റുകളിലായി ഫാന്‍സ് ഷോയും ഒരുക്കിയിരുന്നു.

മലയോര മേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്ന് സിനിമ കാണാനായി പുലര്‍ച്ചെ പുറപ്പെട്ടാണ് യുവാന് നഗരത്തിലെത്തിയത്. മോഹന്‍ലാലിനോടുള്ള ആരാധന മൂത്ത് ചെയ്തതാണന്നും പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ചെയ്തതല്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.