കൊച്ചി: മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണൻ ഒരുക്കുന്ന വില്ലനു വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത. റിലീസിനു മുന്നേ റിക്കാർഡ് സ്വന്തമാക്കിക്കഴിഞ്ഞിരിക്കുകയാണ് വില്ലൻ. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിംഗ് വകയിൽ ലഭിച്ചത്. 

നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും കൂടി കണക്കാക്കുമ്പോൾ ചിത്രം റിലീസിനു മുമ്പുതന്നെ 10 കോടി സ്വന്തമാക്കിക്കഴിഞ്ഞു. മലയാളസിനിമയിൽ ഇത് പുതിയ റിക്കാർഡാണ്. 

മുപ്പതു കോടിയോളം മുടക്കി ബിഗ് ബജറ്റിൽ ഒരുക്കിയ വില്ലൻ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് പുറത്തിറക്കുന്നുണ്ട്. ചിത്രം ഈമാസം 27ന് തീയറ്ററുകളിലെത്തും.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മഞ്ജു വാര്യരാണ് നായിക. മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.

റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഗ്രൂപ്പാണ് സംഗീതം.