പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന 'വിമാനം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ടീസര്‍ വൈകിട്ട് നാല് മണി കഴിഞ്ഞു ഏഴ് മിനിറ്റ് ആയപ്പോഴാണ് പുറത്തിറങ്ങിയത്. ഹൈസ്‌കൂളില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. റൈറ്റ് ബ്രദേഴ്സ് ആദ്യത്തെ വിമാനം പറപ്പിച്ചത് 47 മിനിറ്റാണ്.

മിണ്ടാനാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്റെ കഥയാണ് 'വിമാനം' പറയുന്നത്. തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച് പറത്തിയിരുന്നു. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. ഈ കഥാപാത്രത്തിന് വേണ്ടി താരം പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് വിമാനത്തില്‍ പൃഥ്വിയുടെ നായിക. 

നാട്ടിലെ റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ദാരിദ്ര്യം കാരണം ഏഴാം തരത്തില്‍ പഠനം ഉപേക്ഷിച്ച സജി മഹാഗണിപ്പലകയും മോട്ടോര്‍ബൈക്കിന്റെ എന്‍ജിനും ഉപയോഗിച്ചാണ് വിമാനമുണ്ടാക്കിപ്പറത്തിയത്. സജി നിര്‍മ്മിക്കുന്ന വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളാവും സിനിമയുടെ ഹൈലൈറ്റ്. പന്ത്രണ്ടുകോടി രൂപയാണ് സിനിമക്ക് നിര്‍മ്മാണച്ചെലവ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍ ലെ ലോപ്പസ്, സുധീര്‍ കരമന, പി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.