രാജീവ് രവിയും സിനിമാസുഹൃത്തുക്കളും ചേര്‍ന്നുള്ള നിര്‍മ്മാണക്കമ്പനിയായ കളക്ടീവ് ഫേസ് വണ്ണിന്‍റെ പുതിയ സിനിമയില്‍ വിനായകന്‍ നായകന്‍. വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ പേര് കരിന്തണ്ടന്‍ എന്നുതന്നെയാണ്. ചതിയില്‍ പെടുത്തി ബ്രിട്ടീഷുകാര്‍ വെടിവച്ചുകൊന്ന ആദ്യ രക്തസാക്ഷിയുമാണ് കരിന്തണ്ടന്‍ മൂപ്പന്‍. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായിക ലീലയാണ് ചിത്രത്തിന്‍റെ സംവിധാനം എന്ന പ്രത്യേകതയുമുണ്ട്. വിനായകന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വേഷമാവും ഇത്. ചിത്രത്തിന്‍റെ കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് കളക്ടീവ് ഫേസ് വണ്‍ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രണയവും കലഹവും പ്രതികാരവുമൊക്കെ ചേരുന്ന കഥയെന്നാണ് കളക്ടീവ് ഫേസ് വണ്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ വയനാടാവും സിനിമയുടെ പശ്ചാത്തലമെന്നും ഫസ്റ്റ് ലുക്കില്‍ പറയുന്നു. എഴുതപ്പെട്ട ചരിത്രത്തിലൊന്നുമില്ലാത്ത കരിന്തണ്ടന്‍ മൂപ്പന്‍റെ കഥ ആദിവാസി വിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വാമൊഴികളില്‍ ഉള്ളതാണ്. അത് പ്രകാരം പണിയ വിഭാഗത്തിന്‍റെ തലവനായിരുന്നു കരിന്തണ്ടന്‍. കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രിട്ടീഷുകാര്‍ വയനാട് വഴി മൈസൂരിലേക്കുള്ള പാത തെളിച്ചത് കാടിനെ അറിഞ്ഞ കരിന്തണ്ടന്‍റെ സഹായത്തോടെയാണ്. എന്നാല്‍ പിന്നീട് ഈ പാതയ്ക്ക് കാരണക്കാരനായ കരിന്തണ്ടന്‍ ഇനി ജീവിച്ചിരിക്കേണ്ടെന്ന് തീരുമാനിച്ച ബ്രിട്ടീഷുകാര്‍ മൂപ്പനെ ചതിവിലൂടെ വധിക്കുകയായിരുന്നു.

 

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രമാണ് വിനായകന് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്. ഇപ്പോള്‍ രാജീവ് രവിയുടെ നിര്‍മ്മാണ പങ്കാളിത്തത്തിലുള്ള കരിന്തണ്ടനിലും വിനായകനെ കാത്തിരിക്കുന്നത് അദ്ദേഹത്തിലെ നടന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാവും. മറ്റ് അണിയറക്കാരുടെയോ അഭിനേതാക്കളുടെയോ വിവരങ്ങള്‍ കളക്ടീവ് ഫേസ് വണ്‍ പുറത്തുവിട്ടിട്ടില്ല.

വയനാട്ടിലെ ആദിവാസി ജീവിതത്തെ അടയാളപ്പെടുത്തി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യൂമെന്‍ററിയിലൂടെയാണ് ലീല സന്തോഷ് ശ്രദ്ധേയയാവുന്നത്. കെ.ജെ ബേബിയുടെ കനവിലൂടെയാണ് ലീല സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. കെ.ജെ ബേബി സംവിധാനം ചെയ്ത ഗുഡയില്‍ ലീല സന്തോഷ് സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.