കമ്മട്ടിപ്പാടത്തിലൂടെ മലയാളികളുടെ മനസ്സിനെ തൊട്ട 'പുഴു പുലികൾ പക്കി പരുന്തുകള്‍' എന്ന ഗാനത്തിന് ശേഷം വിനായകന്‍ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും. ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പിഎസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്

കൊച്ചി: കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്‍റെ പോസ്റ്റര്‍ എത്തി. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. വിനായകന്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ പോസ്റ്ററിന് ഗംഭീരസ്വീകരണമാണ് ലഭിക്കുന്നത്.

കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് നേരത്തെ ഷാനവാസ് ബാവക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിട്ടുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയെയാണ് ഇതില്‍ ചിത്രീകരിക്കുന്നതെന്നും ബിഗ് ബജറ്റ് ചിത്രമല്ല, പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ചെറിയ രീതിയില്‍ അവതിരിപ്പിക്കുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

കമ്മട്ടിപ്പാടത്തിലൂടെ മലയാളികളുടെ മനസ്സിനെ തൊട്ട 'പുഴു പുലികൾ പക്കി പരുന്തുകള്‍' എന്ന ഗാനത്തിന് ശേഷം വിനായകന്‍ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും. ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പിഎസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍.