തുപ്പരിവാലന് ശേഷമുള്ള വിശാലിന്റെ തമിഴ് ചിത്രം   ചിത്രം സൈബര്‍ ക്രൈം ത്രില്ലര്‍

മിഷ്‌കിന്റെ 'തുപ്പരിവാലനി'ലെ കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന നായകകഥാപാത്രമായാണ് വിശാലിനെ അവസാനമായി കോളിവുഡിന്റെ സ്‌ക്രീനില്‍ കണ്ടത്. മലയാളസിനിമാ പ്രേക്ഷകര്‍ ബി.ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം 'വില്ലനി'ലും. ഇപ്പോഴിതാ കോളിവുഡിന്റെ ഈ സീസണിലെ പ്രധാന റിലീസുകളിലൊന്നായ വിശാല്‍ ചിത്രം 'ഇരുമ്പുതിരൈ' തീയേറ്ററുകളിലേക്കെത്തുകയാണ്. റിലീസ് തീയ്യതിയെക്കുറിച്ച് പോയ വാരങ്ങളില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമായി. ഈ വെള്ളിയാഴ്ച ചിത്രം കേരളമുള്‍പ്പെടെയുള്ള തമിഴ്‌സിനിമയുടെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാമെത്തും. കഴിഞ്ഞ ദിവസം പുറത്തെത്തി വന്‍ പ്രേക്ഷകപ്രീതി നേടിയ ട്രെയ്‌ലറിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് വിശാല്‍.

ഇത് തന്റെ കരിയറിലെ ഏറ്റവും വിവാദപരമായ ചിത്രമായിരിക്കുമെന്ന് പറയുന്നു വിശാല്‍. അത്തരത്തിലാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും. 'പക്ഷേ ഇതിനെയാണ് നിങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യമെന്ന് വിളിക്കുന്നത്.' ഇന്നത്തെ സമൂഹത്തെ ഏറെ ബാധിക്കുന്ന ഒരു വിഷയത്തില്‍ തനിക്കുള്ള രോഷം പ്രകടിപ്പിക്കാന്‍ ഈ ചിത്രം അവസരം ഒരുക്കിയെന്നും അതിന് സംവിധായകനോട് നന്ദി പറയുന്നുവെന്നും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരു സൈബര്‍ ക്രൈം ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ സാമന്തയാണ് നായികയായി എത്തുന്നത്. പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുനും. പി.മിത്രനാണ് സംവിധായന്‍. സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജ.