മിസ്റ്റര്‍ ഇന്ത്യ വെള്ളിത്തിരയിലേക്ക്, ആദ്യ സിനിമ സകലകലാശാല
മിസ്റ്റര് ഇന്ത്യ പട്ടം കിട്ടിയ ആദ്യ മലയാളിയായ വിഷ്ണു രാജ് വെള്ളിത്തിരയിലേക്ക്. വിനോദ് ഗുരുവായൂര് സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് വിഷ്ണു രാജ് അവതരിപ്പിക്കുക. ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തേയാണ് അവതരിപ്പിക്കുക.
ഹിന്ദിയിൽ നിന്നും അനവധി അവസരങ്ങൾ വന്നു എങ്കിലും സകലകലാശാലയിലെ കഥാപാത്രം ഇഷ്ടപ്പെട്ടതിനാൽ ആദ്യ ചിത്രം മലയാളത്തിൽ ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നുവെന്ന് വിഷ്ണു രാജ് പറയുന്നു, മിസ്റ്റര് വേള്ഡ് സൌന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയും വിഷ്ണു രാജ് ആണ്.
മുഴുനീള ക്യാമ്പസ് ചിത്രമായിട്ടാണ് സകലകലാശാല ഒരുക്കുന്നത്. ഷാജി മൂത്തേടൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ബഡായി ബംഗ്ലാവ്' ,സിനിമാല, എന്നീ ഹിറ്റ് പ്രോഗ്രാമുകളുടെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ്. ചിത്രത്തിന്റെ കഥയും സംവിധായകനായ വിനോദ് ഗുരുവായൂരിന്റേതാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ചെങ്ങന്നൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളെജിൽ പൂർത്തീകരിച്ചു, അടുത്തഘട്ട ചിത്രീകരണം ജൂണിൽ പുനരാരംഭിക്കും.
