കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റു. പ്രമുഖ ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ്‌ലൈറ്റ്‌സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഷ്ണുവിന് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വീണുപോയ വിഷ്ണുവിന് വലതുകൈയ്ക്കാണ് പരുക്ക്. സംഭവം നടന്ന ഉടന്‍തന്നെ അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വിഷ്ണുവിന്റെ വലതുകൈക്ക് പൊട്ടലുണ്ടെന്നും സര്‍ജറി വേണ്ടിവരുമെന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. തുടര്‍ന്ന് ഒരുമാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.

മലയാളചിത്രങ്ങള്‍ക്കൊപ്പം കമല്‍ഹാസന്റെ 'ഉത്തമവില്ലനും' 'വിശ്വരൂപം 2'നുമൊക്കെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 'കട്ടപ്പനയിലെ ഋത്വിക്‌റോഷന്' ശേഷം വിഷ്ണു അഭിനയിക്കുന്ന സിനിമയാണ് 'സ്ട്രീറ്റ്‌ലൈറ്റ്‌സ്'.