തമിഴില്‍ ഏറ്റവും വലിയ ഇനിഷ്യല്‍ ലഭിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് ഇപ്പോള്‍ അജിത്ത്കുമാര്‍. 'തല'യെന്ന് ആരാധകര്‍ വിളിക്കുന്ന അജിത്തിന്റെ 'വിശ്വാസ'മാണ് പൊങ്കലിന് ഒപ്പം റിലീസ് ചെയ്ത രജനീകാന്ത് ചിത്രം 'പേട്ട'യേക്കാള്‍ കളക്ഷന്‍ തമിഴ്‌നാട്ടില്‍ നേടിയത്. പേട്ട ഒരു മാസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുമാത്രം 109.5 കോടി നേടിയപ്പോള്‍ വിശ്വാസത്തിന്റെ കളക്ഷന്‍ 125.5 കോടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

വീരം, വേതാളം, വിവേകം എന്നിവയ്ക്ക് പിന്നാലെ സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസം. അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. അജിത്ത്-നയന്‍താര കോമ്പിനേഷന്‍ കുടുംബപ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകമാണ്. 2013ലെത്തിയ ആരംഭത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ചത്. സത്യജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.