അമ്മയ്ക്ക് എതിരെ തുറന്ന പോരിന് ഡബ്ല്യൂസിസി. ദിലീപിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കൂടുതൽ പേർ 'അമ്മ' സംഘടന വിട്ടേക്കും.
കൊച്ചി: അമ്മയ്ക്കെതിരെ തുറന്ന പോരിന് തയാറെടുത്ത് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം റദ്ദാക്കാത്തതിലുള്ള പ്രതിഷേധം പരസ്യമാക്കും. കൊച്ചിയില്‍ യോഗം ചേര്‍ന്ന് അമ്മയോടുള്ള വിയോജിപ്പ് പരസ്യമാക്കാനാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ തീരുമാനം.
ദിലീപിനെ തിരിച്ചെടുത്ത നടപടിയ്ക്കെതിരെ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനം ജനറല്‍ ബോഡിയ്ക്കു മാത്രമേ പുനപരിശോധിക്കാനാവൂ എന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടത്. ഇത് ഇരട്ടത്താപ്പാണെന്നാണ് ഡബ്ല്യൂസിസിയുടെ പറയുന്നത്.
അച്ചടക്ക നടപടിയില്‍ അന്തിമ വാക്ക് എക്സിക്യൂട്ടീവിനാണെന്ന അമ്മയുടെ വാദം ശരിയല്ല. തിലകനെതിരായ അച്ചടക്ക നടപടി തീരുമാനം കൈക്കൊണ്ടത് എക്സിക്യൂട്ടീവായിരുന്നു. ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടന്നെങ്കിലും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ പരസ്യ പ്രതികരണമരുതെന്ന നേതൃത്വത്തിന്‍റെ വിലക്ക് പരിഗണിക്കുന്നില്ല. ഇനി കാത്തു നില്‍ക്കേണ്ടെന്നും കാര്യങ്ങള്‍ തുറന്നു പറയാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരെക്കൂടാതെ മറ്റ് മുതിര്‍ന്ന അംഗങ്ങളും വൈകിട്ട് നിലപാട് തുറന്നുപറയാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രതിഷേധത്തിന്‍റെ ഭാഗമായി കൂടുതല്‍ അംഗങ്ങള്‍ രാജിതിരുമാനം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
