'അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു?' മലയാള സിനിമാ ലോകത്തോട് അഞ്ജലി മേനോന്‍റെ ചോദ്യം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 11, Oct 2018, 10:51 PM IST
where is the proactive action supporting the survivors anjali menon asks in actress attacked case
Highlights

ആക്രമിക്കപ്പെട്ട ഉടന്‍തന്നെ അവള്‍ പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി. എന്നിട്ടും എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികള്‍

മീ ടൂ ക്യാമ്പയിന്‍ ബോളിവുഡില്‍ നിന്ന് കേരളത്തിലേക്കും വ്യാപിക്കുന്നതിനിടെ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബെയിലെ സിനിമാ സംഘടനകള്‍. എന്നാല്‍ 15 വര്‍ഷം മലയാള സിനിമയില്‍ സജ്ജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചത്.   'ഇതും നിലപാടാണ്, ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്' അഞ്ജലി തന്‍റെ ബ്ലോഗിലൂടെ തുറന്നടിച്ചു. 

തന്‍റെ 19ാം വയസ്സില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് ടി.വി അവതാരകയും, എഴുത്തുകാരിയും, സംവിധായികയുമായ വിന്‍റ നന്ദ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് പറഞ്ഞാണ് അഞ്ജലി ബ്ലോഗ് ആരംഭിച്ചത്. മീ ടൂ ക്യാമ്പയിനില്‍ ആരോപണം നേരിട്ട താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് ബോളിവുഡിലെ സംഘടനകള്‍. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ന്ന് കഴിഞ്ഞു. അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേത്. 

ഹോട്സ്റ്റാര്‍, കുറ്റാരോപിതര്‍ ഉള്‍പ്പെട്ട ടിവി ഷോകള്‍  നിര്‍ത്തി. കുറ്റാരോപിതര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫാന്‍റം ഫിലിംസ് പോലുള്ള കമ്പനികള്‍ വേണ്ടെന്ന് വച്ചു. ഇവര്‍ക്കൊപ്പമുള്ള സിനിമകള്‍ ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ ഉപേക്ഷിച്ചു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്‍മാരുടെ സംഘടനയായ സിന്‍റാ (സിഐഎന്‍ടിഎഎ) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശക്തമായ നടപടികളിലൂടെ സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് മുംബൈ ഫിലിം ഇന്‍റസ്ട്രി എടുക്കുന്ന നിലപാട്. എന്നാല്‍ മലയാള സിനിമാ ലോകത്തിന്‍റെ നിലപാടെവിടെയെന്ന് അഞ്ജലി ചോദിക്കുന്നു.  

മുംബൈ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന പിന്തുണ ഉദാഹരണ സഹിതം എണ്ണിപ്പറഞ്ഞ് മലയാള സിനിമാ സംഘടനകളുടെ നിലപാടില്ലായ്മയെ ചോദ്യം ചെയ്യുന്നതാണ് അഞ്ജലിയുടെ കുറിപ്പ്. ആക്രമിക്കപ്പെട്ട ഉടന്‍തന്നെ അവള്‍ പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തി. ഒരുപാട് കഴിവുള്ള അഭിനേതാക്കളുടെ നാടാണ് കേരളം. പരസ്പരം പിന്തുണ നല്‍കുന്ന മലയാളത്തില്‍ എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികളെന്നും അഞ്ജലി ചോദിക്കുന്നു...


 

loader