ബിഗ് ബോസ് സീസണ്‍ ഒന്ന് ജേതാവിന് ഒരു കോടിയുടെ ഫ്ലാറ്റാണ് സമ്മാനമായി ലഭിക്കുക. ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ക്കെല്ലാം താമസിക്കാനൊരിടമുള്ള സ്ഥിതിക്ക് ഷിയാസിന് ആ സമ്മാനം കിട്ടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവന് ഉമ്മയ്ക്കും അനിയനുമൊപ്പം അവിടെ കഴിയാം. പക്ഷേ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അവന് ആ സമ്മാനം കിട്ടാന്‍ സാധ്യതയില്ല. ജയിക്കാന്‍ സാധ്യത സാബുവിനാണ്. ഇറങ്ങിയ ടാസ്കെല്ലാം ജയിച്ചു വരുന്നയാളാണ് സാബു. ഒരോ സാഹചര്യത്തിലും അവനെടുക്കുന്ന തീരുമാനങ്ങള്‍ വ്യത്യസ്തമായിരിക്കും.  ബിഗ് ബോസിലെ നല്ല മത്സരാര്‍ത്ഥികള്‍ എല്ലാം ഇതിനോടകം പുറത്തായി എന്നാണ് എന്‍റെ അഭിപ്രായം. പുറം ലോകത്തിലെന്ന പോലെ കഴിവുള്ളവര്‍ പിന്തള്ളപ്പെടുന്ന അവസ്ഥയാണ് ബിഗ് ബോസിലും. മികവ് കുറഞ്ഞവര്‍ വളരെ എളുപ്പത്തില്‍ കയറിക്കേറി പോകുന്നു.  

അനൂപ് ചന്ദ്രന്‍ 

 

 

''ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത ആളെന്ന നിലയിലും, ഒരു ബിഗ് ബോസ് പ്രേക്ഷക എന്ന നിലയിലും സാബുവാണ് ബിഗ് ബോസ് ഒന്ന് ജേതാവാക്കാന്‍ അര്‍ഹന്‍ എന്ന് ഞാന്‍ കരുതുന്നു. ബിഗ് ബോസിനെ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് ഷോയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സാബുവാണ്. വീട്ടിലുള്ള എല്ലാവരുമായി അടുത്ത ബന്ധമുണ്ട് സാബുവിന്. ബിഗ് ബോസിലെ പ്രകടനം കാരണം ഭയങ്കര പോസീറ്റീവ് ഇമേജാണ് പുറത്ത് പുള്ളിക്ക്.

ബിഗ് ബോസ് തന്ന ടാസ്കുകള്‍ എല്ലാം രസകരമായി മാറ്റിയത് സാബുവാണ്. ആളുകള്‍ക്ക് എന്താണ് ഇഷ്ടം എന്ന് സാബുവിന് അറിയാം. സത്യം പറഞ്ഞാല്‍ എന്നെ പോലെയൊരാളാണ് സാബു.  വളരെ സോഫ്റ്റായ സെന്‍സിറ്റീവായ ഒരു മനുഷ്യന്‍. പ്രത്യേകിച്ച് അജന്‍ഡയൊന്നുമില്ലാതെ സാബു സാബുവായി തന്നെയാണ് ബിഗ് ബോസില്‍ ജീവിച്ചത്. എല്ലാവരേയും കൃത്യമായി മനസ്സിലാക്കാന്‍ പുള്ളിക്ക് സാധിക്കും. ആ വീട്ടില്‍ പലരേയും അവരുടെ വിഷമഘട്ടത്തില്‍ കൈ പിടിച്ചു മുന്നോട്ട് നയിച്ചത് സാബുവാണ്. എന്നാല്‍ എല്ലാവരേയും പോലെ ചില നെഗറ്റീവ്സ് പുള്ളിക്കും ഉണ്ട്. 

പ്രകടത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ പറഞ്ഞാല്‍  സാബു ആണ് ബിഗ് ബോസ് വീട്ടിലെ ഒന്നാമന്‍. അര്‍ച്ചന, സുരേഷ്, ഷിയാസ് എന്നിവരാണ് പിന്നീട് വരുന്നത്.  പേര്‍ളി, ശ്രീനിഷ്, അദിതി എന്നിവരായിരിക്കും അവസാനം എത്തുന്ന മൂന്ന് പേര്‍...''

രഞ്ജിനി ഹരിദാസ്

 

'' ബിഗ് ബോസിന്‍റെ മറ്റു ഭാഷകളിലെ സീസണ്‍സ് കണ്ട് വലിയ പ്രതീക്ഷയോടെയാണ് മലയാളം ബിഗ്ബോസിന് പോയത്. പക്ഷേ ശക്തരായ മത്സരാര്‍ത്ഥികള്‍ പുറത്തു പോവുന്നത് കാണുന്പോള്‍ നിരാശയാണ് തോന്നുന്നത്. ഈ പാറ്റേണില്‍ കളി തുടരുകയാണെങ്കില്‍ ആരാണ് ജയിക്കുക എന്ന് പറയാനാവില്ല. എങ്കിലും സാബു ചേട്ടന്‍ ബിഗ് ബോസ് ജയിച്ചില്ലെങ്കില്‍ അതൊരു ശരിക്കേടാവും എന്നാണ് എനിക്ക് തോന്നുന്നത്.... - 

ഹൗസിലെ മറ്റുള്ളവരോട് എനിക്കെന്തെങ്കിലും വ്യക്തിവൈരാഗ്യം ഉള്ളതു കൊണ്ടല്ല ഇതു പറയുന്നത്.  സാബു ചേട്ടന് നല്ലൊരു മത്സരം നല്‍കാനോ വെല്ലുവിളി ഉയര്‍ത്താനോ വീട്ടിലാരുമില്ല.  പുള്ളിയുടെ ഗെയിം പ്ലാനും, പെര്‍ഫോമന്‍സും, നിലപാടുകളും, ആളുകളെ ഡീല്‍ ചെയ്യുന്ന രീതിയും, ഈ സവിശേഷതകളൊക്കെ പുള്ളിയെ ബിഗ് ബോസ് ജേതാവാക്കാനുള്ള ഗുണമായി ഞാന്‍ കാണുന്നു. 

വീട്ടിലാരുമായി പ്രശ്നമുണ്ടായാലും പിന്നീട് അത് പറഞ്ഞു തീര്‍ത്തു എന്നു ഉറപ്പാക്കാന്‍ പുള്ളി എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സാബു ചേട്ടന്‍ നന്നായി കുക്ക് ചെയ്യും,  എല്ലാവരേയും കെയര്‍ ചെയ്യും. ബിഗ് ബോസിലേക്ക് വരുന്പോള്‍ സാബു ചേട്ടനും രഞ്ജിനി ചേച്ചിയും അത്ര രസത്തിലായിരുന്നില്ല. എന്നിട്ടും രഞ്ജിനി ചേച്ചിയെ തന്‍റെ അടുത്ത സുഹൃത്താക്കി മാറ്റാന്‍ സാബു ചേട്ടനായി. അതൊക്കെ ആ മനുഷ്യനെക്കുറിച്ചുള്ള എന്‍റെ കാഴ്ച്ചപ്പാട് മാറ്റിയ കാര്യമാണ്. ബിഗ് ബോസ് വീട്ടിനെ സജീവമാക്കിയതില്‍ സാബുചേട്ടന്‍റെ പങ്ക് വലുതാണ്...''

ദിയ സന

 

''ബിഗ് ബോസ് ജയിക്കുന്നത് സാബു ചേട്ടനാവും എന്നാണ് എനിക്ക് തോന്നുന്നത്. പ്രകടനം വച്ചു നോക്കുന്പോള്‍ അത്രയും നല്ല മത്സരാര്‍ത്ഥിയാണ് സാബു ചേട്ടന്‍. ബിഗ് ബോസ് വീട്ടിലെ ഏറ്റവും തന്ത്രശാലിയായ മനുഷ്യന്‍. ബിഗ് ബോസ് നല്‍കുന്ന എല്ലാ നിര്‍ദേശവും പുള്ളി കൃത്യമായി പാലിക്കും, ബിഗ് ബോസിന്‍റെ പ്രതീക്ഷയ്ക്കപ്പുറം പ്രകടനം നടത്തുകയും ചെയ്യും. 

നിലവില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയ എല്ലാവരും മികച്ച മത്സരാര്‍ത്ഥികളാണ്. എന്നാല്‍ സാബു ചേട്ടന്‍ ഒരു പടി മുന്നിലാണ്. അദ്ദേഹത്തെക്കുറിച്ചുള്ള എന്‍റെ മുന്‍ധാരണകളെല്ലാം നേരില്‍ കണ്ട ശേഷം മാറി. സത്യത്തില്‍ ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ഏറെയിഷ്ടം സാബു ചേട്ടനെയാണ്...''

- ശ്രീലക്ഷമി... 

 

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബിഗ് ബോസ് സാബു ചേട്ടനാണ്. കാരണം ആ വീടിനെ വീടായി നിലനിർത്തുന്നത് മൂപ്പരാണ്. ഒട്ടും സെൽഫിഷ് അല്ലാത്ത ഒരു മനുഷ്യൻ അവിടെയുണ്ടെങ്കിൽ അത് സാബു ചേട്ടനാണ്. 

പുള്ളിക്ക് ഗെയിം ജയിക്കുക, ഫിനാലെയിൽ എത്തുക എന്നതിനേക്കാൾ ഇഷ്ടം ചെയ്യുന്നതെല്ലാം രസകരമാക്കി ചെയ്യുക, വീടിനു അനക്കം വപ്പിക്കുക, എല്ലായിടത്തും ഒരു എന്റർടൈന്റ്‌മെന്റ് ഫാക്ടർ കൊണ്ട് വരിക, എന്നതൊക്കെയാണ്. പുള്ളിയവിടെ ഇല്ലെങ്കിൽ അതൊരു ചത്ത വീടായി പോയേനെ. സാബുചേട്ടനാണ് എല്ലാവരെയും കൂട്ടിയിണക്കി അതൊരു വീടായി നിലനിർത്തുന്നത്. 

പുള്ളി ഗെയിം കളിക്കുന്നില്ല എന്നതല്ല അതിന്റെ അർഥം. ഡീസന്റ് ആയി ഗെയിം കളിക്കുന്നു എന്നാണ്. സാബു ചേട്ടൻ ആണ് എല്ലാം കൊണ്ടും വിജയിയാവാൻ യോഗ്യൻ. എന്റെ മാത്രമല്ല ആ വീടിന്റെ തന്നെ ബിഗ് ബോസാണ് പുള്ളി. ഇനി മലയാളിയുടെ കൂടെ ബിഗ് ബോസ് ആവട്ടെ എന്നാഗ്രഹിക്കുന്നു.  

- അര്‍ച്ചന 

 

ഞങ്ങളൊക്കെ പങ്കെടുത്ത ഒരു ഷോയിൽ ശക്തരായ, യോഗ്യരായ മത്സാർത്ഥികൾ ​ഗ്രാൻഡ് ഫിനാലേയിൽ എത്തണം എന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ അതുണ്ടായില്ല. എന്റെ അഭിപ്രായത്തിൽ ​ഗ്രാൻഡ് ഫിനാലേയ്ക്ക് മുൻപുള്ള ആഴ്ച്ചയിൽ മുഴുവൻ പേരേയും നോമിനേഷനിൽ നിർത്തണമായിരുന്നു. ജനങ്ങൾ തീരുമാനിക്കണമായിരുന്നു ഇവരിൽ ആരാണ് ഫൈനലിൽ എത്താൻ യോഗ്യരെന്ന്. വ്യക്തിപരമായി അർച്ചനയും സാബുവും രഞ്ജിനിയും ​ഗ്രാൻഡ് ഫിനാലെയിൽ വരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അർച്ചനയും രഞ്ജിനിയും ഔട്ടായി. ഇനി സാബു ചേട്ടൻ ബിഗ് ബോസ് വിന്നറാവണമെന്നാണ് ആഗ്രഹിക്കുന്നത്. 

- ദീപന്‍ മുരളി

 

കടപ്പാട് - ഇന്ത്യടൈംസ്