ആദ്യകാലത്തെ ഇരകൾ മതവും നേതാക്കളും, പിന്നീട് മൂർച്ചകൂട്ടാൻ പച്ചത്തെറിയാക്കി; ആരാണ് വിവാദ യൂട്യൂബറായ ചെകുത്താൻ?
മോഹൻലാലിനെതിരെ വിമർശനവും അശ്ലീല പദപ്രയോഗവും നടത്തിയതോടെയാണ് ചെകുത്താൻ അറസ്റ്റിലാവുന്നത്. അജുവിന്‍റെ ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ പേരാണ് യഥാര്‍ഥത്തില്‍ ചെകുത്താൻ.
പത്തനംതിട്ട: ആരാണ് 'ചെകുത്താൻ', എന്താണ് 'ചെകുത്താൻ' എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 'ചെകുത്താന്‍' എന്ന യുട്യൂബറായ അജു അലക്സ് ഇന്ന് വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. മോഹൻലാലിനെതിരെ വിമർശനവും അശ്ലീല പദപ്രയോഗവും നടത്തിയതോടെ ചെകുത്താൻ അറസ്റ്റിലായി. അജുവിന്‍റെ ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ പേരാണ് യഥാര്‍ഥത്തില്‍ 'ചെകുത്താൻ'.
6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അജു അലക്സ് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ മതങ്ങളേയും മതാചാര്യന്മാരേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു അജു വീഡിയോകള്‍ ചെയ്തിരുന്നത്. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അജു തന്‍റെ ചാനലിനും അത്തരത്തിലൊരു പേര് വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചെകുത്താന്‍ എന്ന പേര് കണ്ടെത്തുന്നത്. പേര് കേള്‍ക്കുമ്പോഴുള്ള ആകാംക്ഷയും ചാനലിന്‍റെ ഉള്ളടക്കവും ചെകുത്താന്‍റെ കാഴ്ചക്കാരെ കൂട്ടി. വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ പച്ചയ്ക്ക് തെറി പറഞ്ഞായിരുന്നു ചെകുത്താന്‍റെ വ്ലോഗുകള്‍. തെറികൾ കോര്‍ത്തിണക്കിയ ട്രോളുകള്‍ ചെകുത്താനെ കുപ്രസിദ്ധനാക്കി.
പിന്നീട് സിനിമകളേയും സിനിമാതാരങ്ങളേയും വിമര്‍ശിച്ച് ചെകുത്താന്‍റെ വ്ലോഗുകളെത്തി. മോഹന്‍ ലാലിന്‍റെ അഭിനയവും സിനിമകളും ആയിരുന്നു ചെകുത്താന്‍റെ പ്രധാന ടാര്‍ഗറ്റ്. ഒക്കെയും അസഭ്യവര്‍ഷമായിരുന്നു. തുടര്‍ച്ചയായി മോഹൻലാൽ ഫാൻസിനെ തെറി പറയാനും ചെകുത്താന്‍ ഉത്സാഹം കാട്ടി. മറ്റു നടീനടന്മാരെക്കുറിച്ചും ചെകുത്താന്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ട്. യൂട്യൂബിലൂടെ നടീനടന്മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഇതിന് മുമ്പും ചെകുത്താനെതിരെ കേസെടുത്തിട്ടുണ്ട്. നടന്‍ ബാല നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് അന്ന് കേസെടുത്തത്. ചെകുത്താന്‍റെ വീട്ടില്‍ ബാല എത്തിയതും പിന്നീട് ബാല തന്നെ കൊലപ്പെടുത്താനെത്തി എന്ന് ചെകുത്താന്‍ പരാതിപ്പെട്ടതും നാടകീയ സംഭവങ്ങളായി.
മുമ്പ് പല തവണ തെറിയഭിഷേകം നടത്തിയിട്ടും സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ചെകുത്താനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം ഒറ്റക്കെട്ടായി ഒരു മഹാദുരന്തത്തെ നേരിടുമ്പോള്‍ ചെകുത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൈവിട്ടുപോയി എന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. അതിനിടെ, നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ യുട്യൂബർ അജു അലക്സിന് ജാമ്യം ലഭിച്ചു. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.
ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്‍റെ പരാതിയിലാണ് കേസ്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.
https://www.youtube.com/watch?v=Ko18SgceYX8