അവസാനമെത്തിയ വീരെ ദി വെഡ്ഡിംഗ് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്

കരീന കപൂര്‍ രണ്ട് വര്‍ഷത്തിന് ശേഷം സ്‍ക്രീനിലെത്തിയ വീരെ ദി വെഡ്ഡിംഗ് മികച്ച വിജയം നേടി തീയേറ്ററുകളില്‍ തുടരുകയാണ്. ചിത്രം ഇതിനകം നേടിയെടുത്തത് 73.68 കോടി! സ്വാഭാവികമായും കാളിന്ദി പുരി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരീനയെത്തേടി ഒട്ടേറെ ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ അവര്‍ അതൊന്നും സ്വീകരിക്കുന്നില്ലെന്ന് മാത്രം. ഏറ്റവുമൊടുവില്‍ ലഗാനും ജോധാ അക്ബറുമൊക്കെ ഒരുക്കിയ അശുതോഷ് ഗൊവാരിക്കറുടെ പുതിയ ചിത്രത്തിലേക്കുള്ള ഓഫറാണ് കരീന വേണ്ടെന്ന് വച്ചത്.

വീരേ ദി വെഡ്ഡിംഗ്

സതീഷ് രജ്‍വാഡെ സംവിധാനം ചെയ്‍ത് ഈ വര്‍ഷം പുറത്തെത്തിയ മറാത്തി ചിത്രം ആപ്ല മനുസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അശുതോഷ്. കരീനയെയാണ് അദ്ദേഹം നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കരീന കൈയൊഴിഞ്ഞതോടെ മറ്റൊരു നടിയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍.

ഇതുള്‍പ്പെടെ ഇപ്പോള്‍ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളും സിനിമകളും മോശമായതുകൊണ്ടല്ല കരീനയുടെ ഈ തീരുമാനം. മറിച്ച് കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അതിനുവേണ്ടി സമയം മാറ്റിവെക്കണമെന്നുമുള്ള തീരുമാനത്താലാണിത്. മകന്‍ തൈമൂറിന് അമ്മയെ ഏറെ ആവശ്യമുള്ള സമയമാണിതെന്നും അതിനാല്‍ വര്‍ഷത്തില്‍ പരമാവധി ഒരു സിനിമയേ കരീന ഇപ്പോള്‍ ചെയ്യൂ എന്നും നടിയോട് അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.