ഹൈദരാബാദ്: ബാഹുബലിയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയതാണ് ഈ ചോദ്യം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന്. അവസാന ഭാഗം ഇറങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ആരാധകര്‍ക്കിനിയും അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ ഞായറാഴ്ച രാമോജി റാവു ഫിലിം സിറ്റിയില്‍ നടന്ന ബാഹുബലിയുടെ പ്രസ് റിലീസ് പുറത്തിറക്കുന്ന ചടങ്ങിലും ആരാധകരില്‍ നിന്ന് സമാനമായ ചോദ്യം ഉയര്‍ന്നു.

അതിന് മറുപടി നല്‍കിയതാകട്ടെ കട്ടപ്പയായി സ്ക്രീനില്‍ നിറഞ്ഞ സാക്ഷാല്‍ സത്യരാജും. നിറഞ്ഞ കൈയടിയോടെയാണ് കട്ടപ്പയെ ആരാധകര്‍ സ്റ്റേജിലേക്ക് വരവേറ്റത്. ആരാധകരുടെ ആ വിലയേറിയ ചോദ്യത്തിന് കട്ടപ്പ നല്‍കിയ മറുപടി ഇതായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ശോഭു ബാഹുബലിയായ പ്രഭാസിനെ കൊല്ലാന്‍ എനിക്ക് നല്ല പൈസ തന്നു. എന്റെ സംവിധാകനായ രാജമൗലി ബാഹുബലിയെ കൊല്ലാനും പറഞ്ഞു. ഞാനത് അനുസരിച്ചു. അല്ലെങ്കില്‍ എന്റെ അരുമയായ പ്രഭാസിനെ ഞാനെന്തിന് കൊല്ലണം-സത്യരാജ് ചോദിച്ചു.

ബാഹുബലി-2ല്‍ പ്രഭാസ് അച്ഛന്‍ അമരേന്ദ്ര ബാഹുബലിയായും മകന്‍ മഹേന്ദ്ര ബാഹുബലിയായും രംഗത്തെത്തുമെന്ന് സംവിധായകനായ രാജമൗലി പറഞ്ഞു. ഏപ്രില്‍ 28ന് 6500 സ്ക്രീനുകളിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി ബാഹുബലി-2 തിയറ്ററില്‍ എത്തുക.