മുംബൈ: സ്വന്തം ശരീരത്തില്‍ മുറിവ് പറ്റുന്നത് ആര്‍ക്കെങ്കിലും സഹിക്കാനാകുമോ, എന്നാല്‍ അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരാളുണ്ട്. മറ്റാരുമല്ല ഖില്‍ജി രാജവംശത്തിലെ ഭരണാധികാരി അലവുദ്ദിന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ സിംഗാണത്. ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തുന്ന പദ്മാവതിയിലെ അലാവദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ സിംഗാണ് പരുക്കേറ്റത് ഗുണകരമായി കാണുന്നത്. രണ്‍വീറിനെ സംബന്ധിച്ച് സിനിമാ ചിത്രീകരണത്തിനിടെ ശരീരത്തിന് മുറിവേല്‍ക്കുന്നത് നല്ല ലക്ഷണമാണ്. സ്വല്‍പ്പം വേദന സഹിച്ചാലെന്താ, സിനിമ സൂപ്പര്‍ ഹിറ്റാവില്ലേ!

പദ്മാവതിയുടെ ഷൂട്ടിങ്ങിനിടെ പല തവണ രണ്‍വീര്‍ സിംഗിന് പരുക്കേറ്റിരുന്നു. ഷൂട്ടിങ്ങിനിടെയുള്ള പരിക്ക് സിനിമയുടെ വിജയത്തിന് സഹായകമാകും എന്നാണ് രണ്‍വീറും ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരും പറയുന്നത്. രാമ ലീലയുടെ ചിത്രീകരണ സമയത്ത് ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയിരുന്നു രണ്‍വീര്‍. മുറിവുണ്ടായെങ്കിലെന്താ ചിത്രം വിജയമായില്ലേ എന്നാണ് രണ്‍വീര്‍ ചോദിക്കുന്നത്. ബാജിറാവോ മസ്താനിയുടെ ചിത്രീകരണ സമയത്ത് തോളെല്ലിന് പരിക്കേറ്റ രണ്‍വീര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ആ സിനിമയും രണ്‍വീറിന്‍റെ വിശ്വാസത്തെ സംരക്ഷിച്ച് കൊണ്ട് വന്‍ വിജയം തേടി. തുടര്‍ന്ന് രണ്‍വീറിനെയും ദീപികയെയും തേടി പല അവാര്‍ഡുകളും എത്തിയിരുന്നു. പദ്മാവതിയിലെ മുറിവ് വിജയം കൊണ്ടുവരുമോ എന്ന് ഡിസംബര്‍ ഒന്നിന് കണ്ടറിയാം.