കൊച്ചി: എം.പിയെന്ന നിലയില്‍ രാഷ്ട്രീയത്തില്‍ സജീവമാണ് സുരേഷ് ഗോപി. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും അദ്ദേഹം സജീവമാണ്. എങ്കിലും സിനിമയെ പൂര്‍ണമായി കയ്യൊഴിയാന്‍ സുരേഷ് ഗോപി തയ്യാറല്ല. സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത് ഇതിന് തെളിവാണ്. 

998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബേത്‌ലഹേമിന്റെ ലൊക്കേഷന്‍ സ്റ്റില്‍ നൊസ്റ്റാള്‍ജിയ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന് നൂറുകണക്കിന് കമന്റുകളാണ് ലഭിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും സുരേഷ് ഗോപിയോട് ചോദിക്കാനുള്ളത് ഒറ്റക്കാര്യം മാത്രം, ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് പ്രണയ സമ്മാനമായി പുച്ചക്കുട്ടിയെ അയച്ചത് ആരാണ്. 

സുരേഷേട്ടാ ഇനിയെങ്കിലും ആ രഹസ്യം താങ്കള്‍ തുറന്ന് പറയണമെന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. ഇതുപോലൊരു സസ്‌പെന്‍സ് മറ്റൊരു മലയാള സിനിമയിലും താന്‍ കണ്ടിട്ടില്ലെന്നും കമന്റിട്ടയാള്‍ പറയുന്നു. ചിത്രത്തില്‍ ജയറാമിന്റെ കഥാപാത്രത്തിന് പുച്ചക്കുട്ടിയെ അയച്ച പെണ്‍കുട്ടി ആരാണെന്നത് സസ്‌പെന്‍സായി നിലനിര്‍ത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.